കുട്ടനാട്: മാതാപിതാക്കളെ പരിചരിക്കേണ്ട ചുമതല എന്നും മക്കളിൽ നിക്ഷ്പ്തമായതാണ്. എന്നാൽ, പലപ്പോഴും നമ്മുടെ പല മക്കളും ഇക്കാര്യതത്തിൽ ഗുരുതരമായ അലംഭാവം കാണിക്കാറുണ്ട്. അത്തരം അലംഭാവം കുട്ടനാട്ടിൽ ദാരുണമായ കൊലപാതകത്തിലേക്കാണ് നയിച്ചത്. കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തി എൺപതുകാരൻ ജീവനൊടുക്കുകയായിരുന്നു.

കൈനകരി തോട്ടുവാത്തല നടുവിലേക്കളത്തിൽ (പനമുക്കം) ജോസഫ് (അപ്പച്ചൻ80), ഭാര്യ ലീലമ്മ (75) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ അയൽവാസികളാണ് അപ്പച്ചനെ വീടിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്നു നടത്തിയ തിരച്ചിലിൽ ലീലാമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നെടുമുടി പൊലീസ് എത്തി മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ലീലാമ്മ 10 വർഷത്തോളമായി കിടപ്പിലാണ്. കാൻസർ ബാധിച്ചു സുഖപ്പെട്ടയാളാണ് അപ്പച്ചൻ. രോഗം മാറിയെങ്കിലും അതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു താനും.

ഇവരുടെ 6 മക്കളും പലയിടങ്ങളിലാണു താമസം. ഇടയ്ക്ക് ഇവർ മാതാപിതാക്കളുടെ വിവരങ്ങൾ അന്വേഷിക്കാൻ എത്താറുണ്ടായിരുന്നെങ്കിലും ഒപ്പം വന്നു താമസിക്കണമെന്ന ആവശ്യം ഇരുവരും സമ്മതിക്കാറില്ലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

ഒറ്റപ്പെടലും രോഗവുമാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. മക്കൾ : ജെസൻ, ജാൻസി, ജോസി, ജിനുമോൾ, ബെൻസൻ, ജയ.