ഹൈദരാബാദ്: മോഷണ കുറ്റം ആരോപിച്ച് ലോക്കപ്പ് മർദ്ദനം നടത്തിയ പൊലീസുകാർക്കെതിരെ വിഡിയോയിൽ ഗുരുതര ആരോപണങ്ങളുന്നയിച്ച ശേഷം നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കർണൂലിൽ നവംബർ മൂന്നിനാണ് സംഭവം. ഓട്ടോ ഡ്രൈവറായ അബ്ദുൽ സലാം (45), ഭാര്യ നൂർജഹാൻ (38), മകൾ സൽമ (14), മകൻ ദാദി കലന്ദർ (10) എന്നിവരാണ് പന്യം റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

മരിക്കുന്നതിനു മുൻപെടുത്ത വിഡിയോയിൽ ടൗൺ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സോമശേഖർ റെഡ്ഡിയും കോൺസ്റ്റബിൾ ഗംഗാധറും ശാരീരികമായും മാനസികവുമായും ഉപദ്രവിച്ചെന്ന് സലാം ആരോപിച്ചു. മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇവർ വീഡിയോയിൽ പറയുന്നു. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനു മുൻപ് ഒരു ജൂവലറിയിറിൽ അബ്ദുൾ സലാം ജോലി ചെയ്തിരുന്നു. കടയിൽനിന്ന് 3 കിലോ സ്വർണം കാണാതായ സംഭവത്തിൽ സലാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സലാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.

ഒരാഴ്ച മുമ്പ്, ഓട്ടോയിൽവച്ച് സലാം 70,000 രൂപ കവർന്നെന്ന യാത്രക്കാരന്റെ പരാതിയെ തുടർന്നു പൊലീസ് വീണ്ടും സലാമിനെ കസ്റ്റഡിയിലെടുത്തു. രണ്ടു തവണയും സലാമിനെ പൊലീസ് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇത് സലാമിനെയും കുടുംബത്തേയും മാനസികമായി തളർത്തുക ആയിരുന്നു. പൊലീസിന്റെ ആക്രമണം ഭയന്ന് അപമാനത്തിൽ മനം മടുത്ത സലാമും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മോഷണവുമായി യാതൊരു ബന്ധവുമില്ലെന്നും ഇനിയും പീഡനം സഹിക്കാൻ കഴിയില്ലെന്നും സലാം വിഡിയോയിൽ പറയുന്നു.

ഞങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും മരണത്തിന് മാത്രമേ ഇതിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനാകൂവെന്നും വിഡിയോയിലുണ്ട്. സംഭവത്തെ തുടർന്ന് സോമശേഖർ റെഡ്ഡിയേയും ഗംഗാധറിനെയും സസ്പെൻഡ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.