കണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലി അടക്കം കോൺഗ്രസിൽ പ്രതിഷേധം ശക്തമാകവേ വെടിനിർത്തൽ പ്രഖ്യാപിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി രംഗത്തെത്തി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് എ.കെ.ആന്റണി. സമാധാന ജീവിതം ഉറപ്പുവരുത്താൻ ഭരണമാറ്റം വേണം. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്ന് ആന്റണി പറഞ്ഞു. അനുകൂല സാഹചര്യം നഷ്ടപ്പെടുത്തരുത്. യുഡിഎഫ് വിജയത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കോൺഗ്രസിൽ തർക്കങ്ങൾ പതിവാണ്, എന്നാൽ സിപിഎമ്മിന്റെ സ്ഥിതി അതല്ല. ഇന്ന് ഏറ്റവും കൂടുതൽ കലാപം ഉണ്ടാകുന്നത് സിപിഎമ്മിലും ബിജെപിയിലുമാണ്. നേമത്തെ ജനങ്ങൾ മുരളീധരനെ ഇരുകയ്യുംനീട്ടി സ്വീകരിക്കും. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം വളരെ ചർച്ചകൾക്ക് ശേഷമാണ് പുറത്തുവരുന്നത്. സീറ്റിലെ സ്ത്രീപ്രാതിനിധ്യത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. വനിതാ പ്രാതിനിധ്യത്തിൽ തമ്മിൽ ഭേദം കോൺഗ്രസ് തന്നെയാണ്. സിപിഎം-ബിജെപി ഡീൽ പുതിയ കാര്യമല്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്നും ആന്റണി പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ സീറ്റുകൾ കിട്ടാത്ത നേതാക്കളുണ്ട്. അവരെ സ്‌നേഹിക്കുന്ന അണികളുമുണ്ട്. എന്നാൽ, സ്ഥാനാർത്ഥി പട്ടിക അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഹൈകമാൻഡ് തീരുമാനിച്ച പട്ടിക അംഗീകരിക്കുകയാണ് ഇനി അവരുടെ ചുമതല. നേമത്ത് കെ. മുരളീധരൻ എംഎ‍ൽഎയായി അസംബ്ലിയിലെത്തുമെന്നും എ.കെ. ആന്റണി പറഞ്ഞു. കോൺഗ്രസ് എന്നും സുതാര്യതയുടെ പാർട്ടിയാണ്. കോൺഗ്രസിൽ എക്കാലവും ചെറിയ ചെറിയ പൊട്ടലും ചീറ്റലും മാത്രമാണുള്ളത്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത മറ്റ് പാർട്ടികളിൽ വലിയ കലാപമാണ്. സിപിഎമ്മിനുള്ളിൽ മുൻകാലത്ത് ഉൾപ്പെടെ നടന്ന വലിയ അഭിപ്രായ ഭിന്നതകൾ പുറംലോകം അറിഞ്ഞിട്ടില്ല.

വിശദമായ ചർച്ചക്ക് ശേഷമാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥി നിർണയം. ഇത്രയേറെ പുതുമുഖങ്ങളെയും യുവാക്കളെയും സ്ഥാനാർത്ഥിയാക്കാൻ എൽ.ഡി.എഫിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ കാര്യത്തിൽ അൽപം പോരായ്മയുണ്ട്. എന്നാൽ, ഇത് കോൺഗ്രസിൽ മാത്രമുള്ളതല്ല. സിപിഎമ്മിനും വാഗ്ദാനം ചെയ്ത സീറ്റ് സ്ത്രീകൾക്ക് നൽകാനായിട്ടില്ല. ഇക്കാര്യത്തിൽ കോൺഗ്രസിന് വന്ന പോരായ്മ കാലക്രമത്തിൽ പരിഹരിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു.

അതേസമയം ഇരിക്കൂറിൽ അടക്കം പ്രശ്‌നം ഗുരുതരമായ അവസ്ഥയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യപ്രതികരണങ്ങൾ ഇനി പാടില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയിൽ അതൃപ്തിയുമായി പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയത്. നിർദ്ദേശം ലംഘിച്ചാൽ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൈക്കമാൻഡിനെ അടക്കം വിമർശിച്ചുള്ള കെ. സുധാകരന്റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകൾ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരൻ തുറന്നടിച്ചത്. ഹൈക്കമാൻഡെന്നാൽ ഇപ്പോൾ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ സി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോൺഗ്രസ് നേതൃത്വത്തിന് ആഘാതമായി. കെ സി വേണുഗോപാലിന്റെ ഇടപെടലിനെതിരായ സുധാകരന്റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കൾക്കുമുണ്ട്.

മുടി മുറിച്ച് പാർട്ടി ഓഫീസിൽ നിന്നും കരഞ്ഞിറങ്ങിയ ലതികാ സുഭാഷ്, പ്രത്യാശ ഇല്ലെന്ന കെ.സുധാകരന്റെ തുറന്ന് പറച്ചിൽ. കേരളത്തിലുള്ളത് എ കോൺഗ്രസും ഐ കോൺഗ്രസുമെന്ന് പറഞ്ഞ് പാർട്ടി വിട്ട പി സി ചാക്കോ. ഇപ്പോഴില്ലെങ്കിൽ പിന്നെ ഭരണമില്ലെന്ന വിധം പൊരുതുന്ന കോൺഗ്രസ് ഓരോ ദിവസവും നേരിടുന്നത് പുതിയ പ്രതിസന്ധികൾ. പ്രത്യാശയില്ലാ പരാമർശം പിന്നെ തിരുത്തുമ്പോഴും പട്ടികയിലെ അതൃപ്തി സുധാകരൻ ആവർത്തിക്കുന്നു. പട്ടികയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ മുമ്പും പതിവാണെങ്കിലും ഹൈക്കമാൻഡിനെ വരെ കുറ്റപ്പെടുത്തിയുള്ള വിമർശനം വരുന്നത് അസാധാരണം തന്നെയാണ്.

പ്രധാന വില്ലൻ കെസി വേണുഗോപാലെന്ന കെ.സുധാകരന്റെ വിമർശനം ഒറ്റപ്പെട്ടതല്ല. ഹൈക്കമാൻഡ് പ്രതിനിധി എന്ന പേരിൽ ഇടപെടുന്ന വേണുഗോപാലിന്റെ യാഥാർത്ഥ ലക്ഷ്യം പുതുതായൊരു കെ സി ഗ്രൂപ്പാണെന്ന പരാതി നേരത്തെ എ- ഐ ഗ്രൂപ്പുകൾക്കുണ്ട്. കടുത്ത ആരോപണത്തിൽ കെ സി പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ കെസിയെ പിന്തുണച്ചും സുധാകരനെ തള്ളിയും സംസ്ഥാന നേതാക്കൾ പട്ടികയെ പുകഴ്‌ത്തി രംഗത്തെത്തുകയാണ്. അവസാനലാപ്പിലോടുമ്പോൾ തമ്മിലടി പാർട്ടിയെ ഗുരുതരമായി ബാധിക്കുമോ എന്ന പേടിയിലാണ് കോൺഗ്രസ് നേതൃത്വം.

ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസിന് കടുത്ത തലവേദനയാണ്. പ്രശ്നപരിഹാരത്തിനായി കെ.സി.ജോസഫും എം.എം.ഹസനും എത്തി ജില്ലയിലെ വിവിധ നേതാക്കളുമായി സംസാരിച്ചെങ്കിലും തീരുമാനത്തിലെത്താനായില്ല. ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് എ വിഭാഗം പറയുന്നത്. അതിനിടെ എ.ഐ.സി.സി. നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മാറ്റുന്ന പ്രശ്നമില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹനന്റെ അറിയിപ്പും വന്നു.

ഇരിക്കൂറിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച സോണി സെബാസ്റ്റ്യനെ കണ്ണൂർ ഡി.സി.സി. പ്രസിഡന്റാക്കിയുള്ള ഒരു ഫോർമുലയെ കുറിച്ചും നേതാക്കൾ സംസാരിച്ചെങ്കിലും അതിനും എ വിഭാഗം വഴങ്ങിയില്ല. സജീവ് ജോസഫ് വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിയാണെന്നും യു.ഡി.എഫിന് ഇരിക്കൂർ നഷ്ടപ്പെടുമെന്നുമാണ് എ വിഭാഗം പറയുന്നത്. അതിനിടെ കെ.സി. വേണുഗോപാലിന്റെ വ്യക്തിതാത്പര്യമാണ് ഇരിക്കൂറിൽ ഈ സ്ഥിതിവിശേഷമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ കുറ്റപ്പെടുത്തി. പ്രത്യേക കൺവെൻഷൻ വിളിച്ചുചേർത്തശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് പിൻവലിയുകയോ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി പിന്തുണക്കുകയോ ചെയ്യണമെന്നാണ് ഒരു വിഭാഗത്തിന്റെ താത്പര്യം.

സജീവ് ജോസഫിനെതിരെയുള്ള പടനീക്കത്തിന് എ വിഭാഗത്തിന് ശക്തിപകരുന്നത് കെപിസിസി. വർക്കിങ് പ്രസിഡന്റ് കെ.സുധാകരന്റെ സമീപനം തന്നെയാണ്. ഇരിക്കൂറിൽ പാർട്ടി എടുത്ത തീരുമാനം ശരിയല്ലെന്ന് പരസ്യമായി കെ.സുധാകരൻ പറഞ്ഞത് പ്രത്യേക സന്ദേശമാണ്. കെ.സി.വേണുഗോപാലിനെതിരേയുള്ള ഒളിയമ്പ് കൂടിയാണിത്. വർക്കിങ് പ്രസിഡന്റായിട്ടുപോലും ജില്ലയിലെ സ്ഥാനാർത്ഥിത്വ തീരുമാനത്തിൽ തന്റെ അഭിപ്രായം ചോദിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.

ഇരിക്കൂർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് തൊട്ടടുത്ത പേരാവൂർ, കണ്ണൂർ, ഉൾപ്പടെ മറ്റു മണ്ഡലങ്ങളെയും ബാധിക്കുമെന്ന ആശങ്കയും കെപിസിസി.ക്കുണ്ട്. പേരാവൂരിൽ സുധാകര വിഭാഗത്തിലെ സണ്ണി ജോസഫാണ് സ്ഥാനാർത്ഥി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ്. ചെറിയ വോട്ട് ചോർച്ചപോലും യു.ഡി.എഫിനെ ബാധിക്കും. എ വിഭാഗം ഇവിടെയും ശക്തമാണ്.കെ. സുധാകരനെ തണുപ്പിക്കാനുള്ള ശ്രമം ദേശീയതലത്തിൽ തന്നെ നടന്നു. എ കെ ആന്റണി അദ്ദേഹത്തെ വിളിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു.