തിരുവനന്തപുരം: കുണ്ടറ പീഡന വിഷയം ഒത്തുതീർപ്പിലാക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിക്കാരി. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്ന് ഫോൺവിളി വിവാദത്തിലെ പരാതിക്കാരിയായ യുവതി പ്രതികകരിച്ചുയ മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നിൽക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്താണെന്നും കുണ്ടറയിലെ പരാതിക്കാരി ചോദിച്ചു. ശശീന്ദ്രന് എതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങൾ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്റെ വിശദീകരണം മുഖവിലയ്ക്കെടുത്താണ് പിന്തുണ. 2017ലെ ഫോൺവിളിയിൽ ശശീന്ദ്രനോട് അതിവേഗം രാജിവെക്കാൻ ആവശ്യപ്പെട്ടത് പിണറായി വിജയൻ ആയിരുന്നു.

കൊല്ലത്തെ പാർട്ടിയിലെ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് വിവാദമെന്ന വിശദീകരണം മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ കണക്കിൽ എടുത്തിരിക്കുകയാണ്. പ്രശ്‌നം മുൻകൂട്ടി അറിയിക്കാതിരുന്നതിലും ഫോൺവിളിയിലും മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് പറയുമ്പോഴും രാജിയാവശ്യം എൻസിപി പ്രസിഡണ്ട് പി സി ചാക്കോ തള്ളി. ഗൗരവമേറിയ പ്രശ്‌നത്തിൽ പരാതിക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് മന്ത്രിക്കുള്ള പാർട്ടി പിന്തുണ.

അതേസമയം, ഫോൺ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങൾ പാർട്ടി വിശദമായി ചർച്ച ചെയ്തില്ലെന്നും വിഷയത്തിൽ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയുടെ ഇടപെടലിൽ അസ്വാഭാവികതയില്ലെന്നും കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സി പി എം നേരത്തെ നടത്തിയിരുന്നു.