തിരുവനന്തപുരം: അഡ്വ. ജയശങ്കർ ചാനൽ ഡിബേറ്റിൽ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും ഇറങ്ങിപ്പോയ സിപിഎം എംഎൽഎ എ എൻ ഷംസീറിന്റെ നടപടി സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകളിൽ നിറഞ്ഞിരിക്കയാണ്. ഷംസീർ പേടിച്ചോടി എന്നാണ് പൊതുവേ ഉയർന്നിരിക്കുന്ന വിമർശനം. അതേസമയം എന്തുകൊണ്ടാണ് താൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ച ബഹിഷ്‌ക്കരിച്ചത് എന്നു വ്യക്തമാക്കി എ എൻ ഷംസീർ തന്നെ രംഗത്തുവന്നു.

പാർട്ടിയുമായി ഏഷ്യാനെറ്റ് ഉണ്ടാക്കിയ ധാരണക്ക് ഘടകവിരുദ്ധമായാണ് ജയശങ്കറിനെ ചർച്ചക്ക് വിളിച്ചത് എന്നാണ് ഷംസീർ ഉന്നയിക്കുന്ന വാദം. കഴിഞ്ഞ ദിവസം നടന്ന ചർച്ച ആസൂത്രിതമായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. എ ജയശങ്കർ പങ്കെടുത്ത ചർച്ചയിൽ പങ്കെടുക്കില്ലെന്ന് മുൻകൂട്ടി ചാനൽ മേധാവികളെ അറിയിച്ചതാണ്. ഏതെങ്കിലും ചാനൽ ചർച്ചകളിൽ വന്നിരുന്നാൽ ഉത്തരം മുട്ടുന്നവരല്ല. ഞങ്ങൾ ഉത്തരം പറയാൻ സാധിക്കുന്നവരാണ്. ഏഷ്യാനെറ്റിന് മുന്നിൽ വിനീത വിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സിപിഎമ്മിനില്ലെന്നും ഷംസീർ വിശദീകരിക്കുന്നു.

പാലാരിവട്ടംപാലം അഴിമതിയിൽ മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് സംബന്ധിച്ചായിരുന്നു വിനു വി ജോൺ നയിച്ച ചർച്ച. മുസ്ലിം ലീഗ്, സിപിഎം,ബിജെപി പ്രതിനിധികൾക്ക് പുറമെ എ ജയശങ്കറും പാനലിൽ ഉണ്ടായിരുന്നു. എ ജയശങ്കറുള്ള ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റിനെ പാർട്ടി നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഷംസീർ ചർച്ച ബഹിഷ്‌കരിക്കുകയായിരുന്നു. ഈ നടപടി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാകുകയും ചെയ്തിരുന്നു.

ഇറങ്ങിപ്പോക്കിനെ കുറിച്ച് ഷംസീർ വിശദീകരിക്കുന്നത് ഇങ്ങനെ:

ഏതെങ്കിലും ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഉത്തരം മുട്ടുന്നവരല്ല സിപിഎമ്മുകാർ. ഞങ്ങൾ ഉത്തരം പറയാൻ സാധിക്കുന്നവരാണ്. യാതൊരു പ്രതിരോധത്തിന്റേയും പ്രശ്‌നമില്ല. പ്രതിരോധത്തിലായ ഘട്ടങ്ങളിൽ പോലും ചാനൽ ചർച്ചയിൽ പങ്കെടുത്തവരാണ്. എന്നാൽ ഇന്നലത്തെ ചർച്ചയിൽ നടന്നത് ആസൂത്രിതമാണ്.

ഭരണകക്ഷിയെ പ്രതിനിധീകരിച്ചുകൊണ്ട് ഇന്നലത്തെ ചർച്ചയിൽ പങ്കെടുക്കേണ്ടവരാണ് സിപിഐഎം. എന്നാൽ ഞങ്ങളേക്കാൾ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നീരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടതുപക്ഷ വിരുദ്ധന്മാർക്ക് കൊടുക്കുന്നു. ഞങ്ങൾ എല്ലാ രാഷ്ട്രീയ നിരീക്ഷകരേയും എതിർക്കുന്നില്ലല്ലോ ? ഇടതുപക്ഷ നിരീക്ഷകൻ, വലതുപക്ഷ നിരീക്ഷകൻ എന്നൊക്കെ പറഞ്ഞ് അവർ വരട്ടെ. പ്രശ്‌നമില്ല. എന്നാൽ ഈ നിരീക്ഷന്മാരുടെ മുഖമൂടി ഇനി പൊളിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഇടതുപക്ഷത്തിന്റെ നിരീക്ഷകനെന്ന് പറഞ്ഞ് മുഖ്യമന്ത്രിയേയും പാർട്ടിയേയും പാർട്ടി സെക്രട്ടറിമാരേയും ആക്രമിക്കുന്നത് സ്ഥിരം ശൈലിയാണ്. അതിനാലാണ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.- ഷംസീർ ചോദിക്കുന്നു.

പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. അത് പൊളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതാണ്. ഈ പശ്ചാത്തലത്തിലാണ് മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹം മന്ത്രിയായപ്പോൾ പറഞ്ഞിരുന്നു 'എനിക്ക് കുഞ്ഞാലിക്കുട്ടിയുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗ്യതയില്ലെന്ന്. ലോകത്തേതെങ്കിലും രാഷ്ട്രീയ നേതാവ് അങ്ങനെ പറയുമോ. ഇത് ഇവിടം കൊണ്ടൊന്നും തീരുന്നതല്ല. ഇത് സമഗ്ര അന്വേഷണത്തിലേക്ക് പോയാൽ ഈ ഫണ്ട് എവിടേക്ക് പോയെന്ന് കണ്ട് പിടിക്കാം. ഞങ്ങൾ ചർച്ചയിൽ ഉന്നയിക്കാൻ വിചാരിച്ച വിഷയവും അത് തന്നെയാണ്.

എന്തുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞിനെ ലീഗ് സംരക്ഷിക്കുന്നതെന്ന് അറിയണം. ലീഗ് സിഎച്ച് മുഹമ്മദ് കോയയുടെ പാർട്ടിയാണ്. മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 'ഒരുപക്ഷെ എന്റെ സമുദായം എന്നെ കൈവിട്ടേക്കാം. എന്നാൽ എന്റെ സമുദായത്തെക്കുറിച്ച് അഴിമതിക്കാരനെന്ന് പറയാൻ ഇടവരുത്തില്ല' എന്ന് പ്രഖ്യാപിച്ച നേതാവാണ് സിഎച്ച്. എന്നാൽ ഇന്ന് അത് അഴിമതിക്കാരുടെ പാർട്ടിയാണ്. ഇന്നത്തെ ലീഗിന്റേയും യുഡിഎഫിന്റേയും മുഖംമൂടി പൊളിച്ചെഴുതാൻ കിട്ടിയ അവസരമായിരുന്നു.

എന്തുകൊണ്ട് ഞങ്ങൾ ആ തീരുമാനത്തിലെത്തിയെന്നത് ആ ചാനലാണ് ചിന്തിക്കേണ്ടത്. പാർട്ടി കൃത്യമായി ചാനൽമേധാവികളെ അറിയിച്ചിട്ടും ഏഷ്യാനെറ്റിന് മുന്നിൽ വിനീതവിധേയനായി ഇരിക്കേണ്ട ഗതികേട് കേരളത്തിലെ സിപിഐഎമ്മിനില്ല. ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങൾ വളർന്നത്. ചാനലുകളല്ല ഇടതുപക്ഷത്തേയും പാർട്ടിയേയും വളർത്തിയത്. ചാനലുകൾക്ക് മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന വലതുപക്ഷത്തെ നിങ്ങൾക്ക് കാണാം. അതിൽ നിങ്ങൾ സിപിഐഎമ്മിനെ പെടുത്തണ്ട. അഴിമതിക്കൊരു വോട്ട് എന്ന യുഡിഎഫ് മുദ്രാവാക്യം അറംപറ്റിയിരിക്കുകയാണ്.