കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ കേന്ദ്രസർക്കാർ നിലപാടിനെ ന്യായീകരിച്ച്  ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനെന്ന് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിർമ്മിക്കാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം മനസ്സിലാക്കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

വാരിയം കുന്നിനെ ഭഗത് സിംഗിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു. 'സിപിഎമ്മും സംസ്ഥാന സർക്കാരും വാരിയംകുന്നനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും വെള്ളപൂശാൻ ശ്രമിക്കുകയാണ്. കേരളത്തിലെ താലിബാന്റെ ആദ്യത്തെ തലവനായിരുന്നു.അദ്ദേഹത്തിന് സ്്മാരകം ഉണ്ടാക്കുന്നത്, അത് സ്വാതന്ത്ര്യസമരമാണ് എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കർഷക സമരമല്ല, സ്വാതന്ത്യസമരമല്ല, അത് ഹിന്ദു വേട്ടയായിരുന്നു. വംശഹത്യയായിരുന്നു.' - അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെയും വാരിയംകുന്നനെ അബ്ദുള്ളക്കുട്ടി താലിബാൻ നേതാവെന്ന് വിളിച്ചിരുന്നു. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ യുവമോർട്ട സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ചത് വിവാദമായിരുന്നു.

അതിനിടെ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാർശ നൽകി. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദ്ദേശം .

മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ , ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. മലബാർ കലാപം രാജ്യത്തെ ആദ്യ താലിബാൻ മോഡൽ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്ത സാക്ഷി പട്ടിക ഒക്ടോബർ അവസാനം പുറത്തിറങ്ങും

സ്വാതന്ത്രസമരസേനാനി പട്ടിക പുതുക്കിയ നടപടി ശരിയല്ലെന്ന് ചരിത്രകാരൻ എം ജി എസ് നാരായണൻ പറഞ്ഞു. പിന്നിൽ മറ്റ് ഇടപെടലുകളുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം പറഞ്ഞു.