മലപ്പുറം: മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിക്ക് വേണ്ടി മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ ദേശീയഉപാധ്യക്ഷ സ്ഥാനത്തേക്ക് എ പി അബ്ദുള്ളക്കുട്ടി എത്തിയതോടെയാണ് ബിജെപിക്ക് വേണ്ടി മുസ്ലിംസ്ത്രീകൾ പോലും മത്സരിച്ചു തുടങ്ങിയത്. തെരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുമ്പോൾ കേരളത്തിലെ താരപ്രചാരകരുടെ പട്ടികയിൽ എ പി അബ്ദുള്ളക്കുട്ടിയുമുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ആളുകളെ കൈയിലെടുക്കുകയും ചെയ്യുന്നു. ശബരിമലയും മോദിയും അടക്കം പ്രചരണ വിഷയങ്ങളാക്കിയാണ് അബ്ദുള്ളക്കുട്ടി വോട്ടു ചോദിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില് ശബരിമല ശാസ്താവിനെ മനസ്സിലോർത്ത് വേണം വോട്ട് ചെയ്യാനെന്ന് എ.പി അബ്ദുള്ളക്കുട്ടി മലപ്പുറം വണ്ടൂരിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനുള്ള തെളിവാണ് കേരളത്തിൽ അങ്ങളോമിങ്ങോളം താമര ചിഹ്നത്തിൽ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസന മുദ്രാവാക്യത്തിനൊപ്പം തന്നെ ബിജെപി തെരഞ്ഞടുപ്പിൽ ഉയർത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശനമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്മാരോട് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക' എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.

കേരളത്തിൽ അറുപതിനടുത്ത് മുസ്ലിം മതവിശ്വാസികൾ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നുണ്ടെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം ബിജെപിയിലെ ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും രൂക്ഷമായിരിക്കുകയാണ്. എ.പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയതടക്കം ഗ്രൂപ്പ് തർക്കത്തിൽ വിഷയമാകുന്നുണ്ട്.