കോഴിക്കോട്: മാർക്‌സിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ അതീവ രഹസ്യമായി സ്വന്തം മകനെ ഇടത് പക്ഷ സഹയാത്രികനെ കൊണ്ടു തന്നെ ഹരിശ്രീ എഴുതിപ്പിച്ച കാര്യം വെളിപ്പെടുത്തി കൊണ്ട് 'ദേശീയ മുസ്ലിം ' എന്ന പുതിയ പുസ്തകവുമായി എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതാവായിരിക്കുമ്പോഴാണ് പാർട്ടിയുടെ തിട്ടൂരം ഭയന്ന് ഇരുമ്പ് മറക്കുള്ളിലെ രാഷ്ട്രീയത്തെ ഭേദിച്ച് പള്ളിക്കുന്നിലെ സാത്വികനും ഗുരുതുല്യനുമായ റിട്ടയേർഡ് പോസ്റ്റൽ സൂപ്രണ്ട് ജനാർദ്ദനനെ കൊണ്ടു മകൻ അമൻ റോസിനെ എഴുത്തിനിരുത്തിച്ചതെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു. ജനാർദ്ദനന്റെ കുടുംബം പോലും അതിശയിച്ച നിമിഷമായിരുന്നു അന്നത്തേതെന്ന് അബ്ദുള്ളക്കുട്ടി ഉദ്വേഗത്തോടെയാണ് വിവരിക്കുന്നത്. 2003 ജനുവരിയിലെ വിജയദശമി നാളിലായിരുന്നു ഈ സംഭവം. പിന്നീട് മകൾ തമന്ന അബ്ദുള്ളയെ വിദ്യാരംഭം കുറിച്ചത് ഗാന്ധിയനായ മല്ലിശ്ശേരി കരുണാകരനായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. അന്നും വിദ്യാരംഭം കുറിച്ച കാര്യം പരസ്യമാക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല .

രാഷ്ട്രീയാന്ധത മൂലം അക്രമം പൊറുതിമുട്ടിയപ്പോൾ ബിജെപി നേതാക്കൾ പാർലമെന്റിൽ കണ്ണൂർ അക്രമ പരമ്പര ഉന്നയിച്ചതിനാൽ കണ്ണൂരിലെ പാർട്ടി സഖാക്കളായ ജയരാജന്മാരും സതീദേവിയും അബ്ദുള്ളക്കുട്ടിയും പിണറായി വിജയനും പങ്കെടുത്ത അഴീക്കോട് മന്ദിരത്തിലെ യോഗത്തിൽ അക്രമം ചർച്ചാ വിഷയമായതും പുസ്തകത്തിൽ മറ്റൊരു അദ്ധ്യായത്തിൽ പറയുന്നുണ്ട്. ഇതിന് അറുതി വരുത്തണമെന്ന് അന്നത്തെ യോഗത്തിൽ അപേക്ഷിച്ച സതീദേവിയോട് ബംഗാൾ മോഡൽ ഉപ്പിട്ട് കൊല്ലുന്ന രീതിയെക്കുറിച്ച് ചിലർ വിവരിച്ചു. പലരും ഞെട്ടലോടെയാണ് ഇത് കേട്ടത്.

വിവരം സ്ഥിരീകരിക്കാൻ അബ്ദുള്ളക്കുട്ടി ഡൽഹിയിൽ സുരേഷ് കുറുപ്പിന്റെ സാന്നിധ്യത്തിൽ ബംഗാൾ നേതാക്കളോട് ചോദിച്ചറിഞ്ഞതും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. തലശ്ശേരി നടന്ന സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിലുണ്ടായ സംഭവവും അബ്ദുള്ളക്കുട്ടി വിവരിക്കുന്നു. ഉച്ച ഭക്ഷണ സമയത്ത് കോടിയേരി തന്നെ മാറ്റി നിർത്തി സ്വകാര്യമായി തന്നെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്താൻ പറ്റിയിട്ടില്ലെന്ന് പറഞ്ഞു. പാർട്ടി തീരുമാനമായി കണ്ടാൽ മതി. ആരെങ്കിലും തന്റെ പേര് നിർദേശിച്ചാൽ കയറി നിന്ന് മത്സരിച്ചേക്കരുത്. അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്. സൗമ്യതയോടെയായിരുന്നു പറഞ്ഞതെങ്കിലും അതൊരു താക്കീതായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.

ഒരു നിയതി പോലെ കുട്ടിക്കാലത്ത് ജന്മനാടായ നാറാത്ത് വെച്ച് താമര ചിഹ്നത്തിൽ മൽസരിച്ച് ജയിച്ച കാര്യവും അദ്ദേഹം ബിജെപിയിലെത്തിയ സംഭവത്തെ വിശകലനം ചെയ്യുന്നുണ്ട്. മാരാർജിയുടെ നാട്ടുകാരൻ എന്ന ലേബലാണ് ഏകാത്മ മാനവദർശനത്തിന്റെ അടിത്തറയിൽ എനിക്ക് കൂടുതൽ ചേരുന്നതെന്ന് കാലം തെളിയിച്ചതായി അദ്ദേഹം പറയുന്നു. സന്യാസതുല്യരായ നേതാക്കളുടെയും പ്രചാരകന്മാരുടെയും പാർട്ടിയായ ബിജെപിയിൽ എത്തിച്ചേർന്ന സംഭവ വികാസങ്ങളും വിവരിക്കുന്ന പുസ്തകം ഓഗസ്റ്റ് 20 ന് കോഴിക്കോട് വെച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ , നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകൻ അലി അക്‌ബർ തുടങ്ങിയവർ സംബന്ധിക്കും. കോഴിക്കോട്ടെ ഇന്ത്യ ബുക്‌സ് ആണ് പ്രസാധകർ.