തിരുവനന്തപുരം: ജനാധിപത്യത്തിനു വേണ്ടി സംസാരിക്കുന്നവരെ കോൺഗ്രസിൽ ഒറ്റപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്കെതിരായ ബഹുജനമുന്നേറ്റം ഉയർത്തേണ്ട സമയമാണിത്. എന്നാൽ ബഹുജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിൽ ആരുമില്ല. ഒരുപദവിയിലുമില്ലാത്ത രാഹുൽഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനത്തുള്ളവരെ മാറ്റുകയും ഇടപെടുകയും ചെയ്യുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അടങ്ങുന്ന നെഹ്റു കുടുംബത്തിന് നിലവിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യം മനസിലാകാത്തതിന്റെ ദുരന്തമാണ് കോൺഗ്രസ് നേരിടുന്നത്. ദേശീയതലത്തിലേക്കാൾ വേഗതയിലായിരിക്കും കോൺഗ്രസിന് കേരളത്തിലുണ്ടാകുന്ന തകർച്ചയെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം നേരിടാൻ സാധ്യതയുള്ളയിടങ്ങളിൽ കോൺഗ്രസ് സ്വയം തോറ്റുകൊടുക്കുകയാണ്. നിസഹായതയാണ് തന്റെ അവസ്ഥയെന്നാണ് മുതിർന്ന നേതാവ് പി ചിദംബരം പറയുന്നത്. വിമർശനം ഉയർത്തുന്നവർക്കെതിരെ യൂത്ത് കോൺഗ്രസുകാർ അക്രമിക്കും എന്ന അനുഭവമാണ് കപിൽ സിബലിനുണ്ടായത്. ആ അവസ്ഥ തന്നെയാണ് കേരളത്തിലെ കോൺഗ്രസിലും സംഭവിക്കുന്നത്. അഭിപ്രായം പറയണമെങ്കിൽ സ്വന്തം സ്ഥാനം രാജിവെക്കണം എന്ന അവസ്ഥയിലേക്ക് വി എം സുധീരനെപോലുള്ള നേതാക്കൾക്ക് വരെ എത്തുകയുണ്ടായി.

വലിയ പദവികളില്ലാത്തതിനാൽ രമേശ് ചെന്നിത്തല ചില്ലറ പദവികൾ രാജിവെച്ചു. ആത്മാഭിമാനം ഉള്ളവർ കോൺഗ്രസ് വിടുകയാണ്. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാനായിരുന്ന സോളമൻ അലക്സ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. ഇനിയും ധാരാളം നേതാക്കൾ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരും. അവർക്കായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വീകരണ പരിപാടി സംഘടിപ്പിക്കും.

മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചരണപരിപാടിൾ സിപിഐ എം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സെമിനാറുകൾ ലോക്കൽ, ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ത്രിപുരയിൽ സിപിഐ എമ്മിനുനേരെ കടുത്ത അക്രമണമാണ് ബിജെപി അഴിച്ചുവിട്ടത്. ആയിരക്കണക്കിന് പ്രവർത്തകർക്കാണ് പരിക്കേറ്റത്. പ്രതിരോധിക്കുന്ന ത്രിപുരയിലെ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഫണ്ട് ശേഖരണത്തിൽ 6,6,52,223 രൂപ കേരളത്തിൽ നിന്ന് സമാഹരിച്ചുവെന്നും വിജയരാഘവൻ അറിയിച്ചു.