കോഴിക്കോട്: വീണ്ടും വിവാദമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വർഗീയതക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ. ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ച് ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ. അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലല്ലേ. ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ. അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണ്ടേ' -എ. വിജയരാഘവൻ പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടമെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് രംഗത്തുവന്നു. വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന്റെ വർഗീയ അജണ്ടയെയാണ് സൂചിപ്പിക്കുന്നതെന്നും സിപിഎമ്മിന്റെ നയമാറ്റമാണിതെന്നും ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു

അതേസമയം എന്നാൽ തന്റെ പ്രസംഗത്തെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. വോട്ടിന് വേണ്ടി നിലാപട് മാറ്റുന്നവരല്ല തങ്ങൾ. ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ ചിലപ്പോൾ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവൻ പറഞ്ഞു.