തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ തൃശൂർ കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പാൾ ആയി നിയമിച്ച നടപടി വിവാദമാകുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്വന്തം കോളേജിലാണ് വഴിവിട്ട രീതിയിൽ ഈ നിയമനം നടന്നിരിക്കുന്നത്. സർക്കാർ കോളേജുകളിൽ വൈസ് പ്രിൻസിപ്പാൾ പോസ്റ്റ് നിലവിൽ ഇല്ലാതിരിക്കേയാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്ത് നിയമനം നൽകിയിരിക്കുന്നത്.

യുജിസി റെഗുലേഷൻസിന് വിരുദ്ധമായാണ് നിയമനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പുറത്തിറങ്ങുന്നതിനു തൊട്ടു മുൻപ് ധൃതിപിടിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചേർന്നാണ് ഇടതുമുന്നണി കൺവീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത പോസ്റ്റ് ക്രിയേറ്റ് ചെയ്യുകയും ബിന്ദുവിനെ വൈസ് പ്രിൻസിപ്പാൾ ആയി അവരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നത്. ഇതേ കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് വിജയരാഘവന്റെ ഭാര്യ.

അക്കാദമിക രംഗത്ത് വൻ കോളിളക്കമാണ് ബിന്ദുവിന്റെ നിയമനം സൃഷ്ടിച്ചിരിക്കുന്നത്. ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ നിയമനം ആയതിനാലാണ് ഈ നിയമനത്തെക്കുറിച്ച് എതിർപ്പ് രൂപപ്പെടുന്നത്. കോളേജ് പ്രിൻസിപ്പാളിന് അധികാരമുള്ള ഫണ്ടുകളുടെ ഉപയോഗവും ചുമതലകളും വൈസ് പ്രിൻസിപ്പാളിന് നൽകിയാണ് വിചിത്രമായ ഉത്തരവ് കൊച്ചിൻ ദേവസ്വം ബോർഡ് പുറത്തിറക്കിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗം കുഴച്ച് മറിച്ച് അവിലൂസ് പരുവമാക്കി എന്ന ആക്ഷേപം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെയാണ് ഈ നിയമനകാര്യത്തിലും ആക്ഷേപശരങ്ങൾ ഉയരുന്നത്. മാർക്ക് കൂട്ടിക്കൊടുക്കൽ, വഴിവിട്ട നിയമനങ്ങൾ തുടങ്ങി സ്വർണ്ണക്കടത്ത് വരെയുള്ള ആക്ഷേപങ്ങൾ മന്ത്രി ജലീൽ നേരിട്ട് കൊണ്ടിരിക്കെയാണ് ബിന്ദുവിന്റെ നിയമനവും വിവാദമാകുന്നത്. സിപിഎമ്മിന് വേണ്ടി ജലീൽ നടത്തിയതാണ് എന്ന ആക്ഷേപമാണ് ഈ നിയമനത്തെക്കുറിച്ച് ഉയരുന്നത്.

കഴിഞ്ഞ മാസം മുപ്പതിന് തന്നെ ഉത്തരവ് ഇറങ്ങിയെങ്കിലും ഇതേ വരെ വൈസ് പ്രിൻസിപ്പാൾ ചാർജ് ഏറ്റെടുത്തിട്ടില്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ വൈസ് പ്രിൻസിപ്പാളിനെ അവരോധിക്കും, ചാർജ് കൈമാറ്റം നടത്തും എന്നതിൽ സംശയം നിലനിൽക്കുന്നതിനാൽ യൂണിവേഴ്‌സിറ്റിക്കും ദേവസ്വം ബോർഡിനുമൊക്കെ കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ കത്തെഴുതിയതിനാലാണ് ഇവർ ചാർജ് ഏറ്റെടുക്കാത്തത് എന്നാണ് സൂചന. കോളേജുകളിൽ പ്യൂൺ മുതൽ പ്രിൻസിപ്പാൾ വരെ നിയമനം നടത്തിയാലും സർവകലാശാല സർക്കാർ അംഗീകാരം തേടണം. ഇല്ലാത്ത തസ്തികയ്ക്ക് എങ്ങിനെയാണ് അംഗീകാരം നൽകുക എന്ന പ്രശ്‌നം തുറിച്ചു നോക്കുന്നു.

കോളേജ് കാര്യങ്ങളിൽ ഫൈനൽ അഥോറിറ്റി പ്രിൻസിപ്പാൾ ആണ്. സാമ്പത്തികമായും അക്കാദമികമായും പ്രിൻസിപ്പാളിനാണ് കോളേജുകളിൽ അധികാരമുള്ളത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പാളിനെ കവച്ച് വയ്ക്കാൻ വിചിത്രമായ ഓർഡർ ആണ് ഇറങ്ങിയിരിക്കുന്നത്. ഗവേണിങ് ബോഡി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കേണ്ടത് വൈസ് പ്രിൻസിപ്പാൾ ആണ്. കോളേജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ എകോപിപ്പിക്കൽ, വികസന പ്രവർത്തനങ്ങൾ. കോളേജ് അക്രഡിറ്റെഷൻ തുടങ്ങി പ്രിൻസിപ്പാൾ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും യോജിച്ച് ചെയ്യണം എന്നാണ് ഉത്തരവിൽ പറയുന്നത്.

പ്രിൻസിപ്പാൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ വൈസ് പ്രിൻസിപ്പാളിനു നൽകുകയാണ് ഉത്തരവ് വഴി ചെയ്തിരിക്കുന്നത്. കിഫ്ബി, ഡെവലപ്‌മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടക്കുന്ന വികസന പ്രവർത്തനങ്ങളും എൻഐആർഎഫ്, നാക്, ഐക്യുഎഎസ്സി ,റിസർച്ച് സെന്റെഴ്‌സ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണമായും വൈസ് പ്രിൻസിപ്പാളിനാണ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പാൾ ചെയ്യണ്ട കാര്യങ്ങൾ വൈസ് പ്രിൻസിപ്പാളിന് നൽകി പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കുകയാണ് ഉത്തരവിലൂടെ ചെയ്തത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

വൈസ് പ്രിൻസിപ്പാളെ നിയമിക്കണമെങ്കിൽ അതിനു കോളേജ് പ്രിൻസിപ്പാൾ മുൻകൈ എടുക്കണം. ജോലിഭാരം മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തണം. പ്രിൻസിപ്പാൾ മാനേജ്‌മെന്റിനെ അറിയിച്ചാൽ പ്രിൻസിപ്പാലിന്റെ റെക്കമെന്റെഷന് അനുസരിച്ച് വൈസ് പ്രിൻസിപ്പാളിനെ നിയോഗിക്കാം. കോളേജിലെ മുതിർന്ന അദ്ധ്യാപകന് വേണം ഈ തസ്തിക നൽകാൻ. എന്നൊക്കെ നിബന്ധനകളുണ്ട്. സർക്കാർ കോളേജുകളിൽ ഇതേ രീതിയിൽ തസ്തികയില്ല. ഇത്തരം തസ്തികകൾ പ്രിൻസിപ്പാൾമാർ സൃഷ്ടിക്കുകയുമില്ല. കാരണം കോളേജ് കണക്കുകൾ ഓഡിറ്റിനു വിധേയമാണ്.

ഉത്തരം പറയേണ്ടത് കോളേജ് പ്രിൻസിപ്പാൾമാർ ആണ്. അതിനാൽ വൈസ് പ്രിൻസിപ്പാൾ നിയമനം പ്രിൻസിപ്പാളിന് കുരിശാണ്. അതുകൊണ്ട് തന്നെ വൈസ് പ്രിൻസിപ്പാൾ നിയമനത്തിനു പ്രിൻസിപ്പാൾമാർ ശുപാർശ ചെയ്യാറില്ല. കേരളവർമ്മ കോളേജിൽ പ്രിൻസിപ്പാൾ ഇത്തരം ഒരു നിയമനത്തിനു ശുപാർശ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് ചാർജ് കൈമാറുമ്പോൾ വേണ്ട നിർദ്ദേശങ്ങൾ വിശദമാക്കണം എന്ന് പറഞ്ഞു ഉന്നത വിദ്യാഭ്യാസ അധികൃതർക്ക് പ്രിൻസിപ്പാൾ കത്ത് നല്കിയതും.