തിരുവനന്തപുരം: കെഎസ്ഇബിയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി പരിഷ്‌ക്കരണങ്ങൾ ആലോചിച്ചു ബോർഡ്. ഇതിന്റെ ഭാഗമായി വൈദ്യുതി കണക്ഷൻ ലഭിക്കാൻ വേണ്ടി ആധാർ നമ്പർ കൂടി പരിഗണിക്കാനുള്ള ശ്രമത്തിലാണ് ബോർഡ്. നിലവിൽ കണക്ഷൻ എടുത്തിട്ടുള്ളവരുടെയും ആധാർ ബന്ധിപ്പിക്കൽ ബോർഡിന്റെ പരിഗണനയിലുണ്ട്. ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെഎസ്ഇബി കത്തെഴുതി.

നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയൽ രേഖകൾ മാത്രം നൽകിയാൽ ഇപ്പോൾ കണക്ഷൻ കിട്ടും. എന്നാൽ, പല സ്ഥാപനങ്ങളും കണക്ഷനെടുത്ത ശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതൊഴിവാക്കാനാണ് ആധാർ നമ്പർ കൂടി പരിഗണിക്കുന്നത്.

ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കാനാവില്ല. അതിനാൽ ആദ്യഘട്ടത്തിൽ താത്പര്യമുള്ളവർ മാത്രം ആധാർ നമ്പർ നൽകുന്നതാണ് ബോർഡ് പരിഗണിക്കുന്നത്. വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്നതു തടയാൻ ഓൺലൈനിൽ പണമടയ്ക്കുന്ന രീതി പരിഷ്‌കരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ബോർഡിന്റെ വൈബ്സൈറ്റിൽ കയറി കൺസ്യൂമർ നമ്പർ നൽകിയാൽ ആരുടെയും ബില്ലിന്റെ വിശദാംശങ്ങൾ കാണാം.

പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തിൽ മൊബൈൽ നമ്പർ മാത്രം നൽകിയാൽ വിവരങ്ങളറിയാം. ഇവയിൽ നിന്ന് തട്ടിപ്പുകാർ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയർന്നിട്ടുണ്ട്. അതിനാൽ, ഫോണിൽ ലഭിക്കുന്ന ഒടിപി. രേഖപ്പെടുത്തിയ ശേഷം മാത്രം വിവരങ്ങൾ കാണാനാകുന്ന രീതി ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. സോഫ്റ്റ്‌വേർ സുരക്ഷ സംബന്ധിച്ച ഓഡിറ്റ് നടത്താൻ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.