ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തും വിധം ആം ആദ്മി നേതാവ് സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോക്ക് റെഡ്ഫ്‌ളാഗ് നൽകി ട്വിറ്റർ.ശനിയാഴ്ച, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിക്കു നൽകിയ യാത്രയയപ്പിന്റെ വിഡിയോയിലെ ഭാഗമാണ് വിവാദത്തിന് ആധാരം.

രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയിൽ നോക്കുകയാണെന്ന് സൂചിപ്പിച്ചാണ് ആം ആദ്മി പാർട്ടി നേതാവ് വിഡിയോ ട്വീറ്റ് ചെയ്തത്. എന്നാൽ ഈ വിഡിയോ യഥാർത്ഥമല്ലെന്നും എഡിറ്റ് ചെയ്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സന്ദർഭത്തിന് അനുയോജ്യമല്ലെന്നും സൂചിപ്പിച്ചാണ് നടപടി.

 

ഞായറാഴ്ച രാവിലെയാണ് എഎപി നേതാവ് സഞ്ജയ് സിങ് വിഡിയോ പോസ്റ്റ് ചെയ്തത്. യഥാർഥ വിഡിയോയിൽ, രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി കൈകൂപ്പുന്നതും അദ്ദേഹത്തെ നോക്കുന്നതും കാണാം. എന്നാൽ സഞ്ജയ് സിങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ ഇത് എഡിറ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി അഭിവാദ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രി അതു ശ്രദ്ധിക്കാതെ ക്യാമറയിൽ മാത്രം നോക്കുന്നതായാണ് വിഡിയോ.എഎപി നേതാവിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. യഥാർഥ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ വിഡിയോ ട്വിറ്റർ റെഡ് ഫ്‌ളാഗ് ചെയ്തത്.