ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ മിന്നുന്ന ജയം ആം ആദ്മി പാർട്ടിക്ക് സമ്മാനിക്കുന്നത് കുടുതൽ കരുത്ത്. ഡൽഹിക്ക് പിന്നാലെ പ്്ഞ്ചാബിലും അധികാരത്തിലെത്തുന്നതോടെ ദേശിയ പാർട്ടിയാകുവാനുള്ള ആപ്പിന്റെ കുതിപ്പിന് കുടുതൽ ഇന്ധനമാവുകയാണ്.ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്ന് എഎപി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിൻ പ്രഖ്യാപിച്ചു.

ദേശീയ പാർട്ടിയായി വളരാൻ ശ്രമങ്ങൾ ഊർജിതമാക്കിയ എഎപി അടുത്ത മാസം ഷിംലയിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ബലപരീക്ഷണത്തിനിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ ഡൽഹിയിലെ എഎപി മന്ത്രിമാർ ഉൾപ്പെടെ ഷിംലയിൽ പ്രചാരണത്തിനുണ്ട്. മന്ത്രി സത്യേന്ദ്ര ജയിനാണ് ശനിയാഴ്ച ഷിംലയിലെ പാർട്ടി മാർച്ച് നയിച്ചത്.

പഞ്ചാബ് ആം ആദ്മി പിടിച്ചെടുത്തു, ഇനി ഹിമാചൽ പ്രദേശിന്റെ ഊഴമാണെന്നും സത്യേന്ദ്ര ജയിൻ പറഞ്ഞു. ഹിമാചൽ പ്രദേശിലെ ബിജെപി, കോൺഗ്രസ് ഭരണത്തിൽ മനംമടുത്ത സാധാരണക്കാർക്ക് ഒരു ബദൽ മാർഗമാകാൻ തങ്ങൾക്ക് സാധിക്കുമെന്നും എഎപി അവകാശപ്പെട്ടു.

നിലവിൽ ബിജെപിയാണ് ഹിമാചലിൽ ഭരണത്തിലുള്ളത്. ഭരണവിരുദ്ധ വികാരം മുതലെടുത്ത് ചുരുങ്ങിയ കാലയളവിൽ പഞ്ചാബിലേതിന് സമാനമാന നേട്ടം ഹിമാചലിലും ലഭിക്കുമെന്നാണ് എഎപി ക്യാമ്പിന്റെ പ്രതീക്ഷ. പഞ്ചാബിലെ തകർപ്പൻ വിജയവും ഡൽഹിയിലെ കെജ്രിവാൾ വികസന മോഡലും ഉയർത്തികാട്ടിയുള്ള പ്രചാരണമാണ് ഹിമാചൽ എഎപി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

പാർട്ടിയുടെ പഞ്ചാബിലെ വിജയം വിപ്ലവമാണെന്നും ഇതു രാജ്യമൊന്നാകെ വ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നേരത്തെ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് ബദലായുള്ള ദേശീയ ശക്തിയായി എഎപി മാറുകയാണെന്നും എഎപി നേതാക്കൾ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എഎപിയുടെ ശ്രമം.

ഹിമാചലിന് പുറമേ കർണാടകത്തിലേക്കും എഎപി കണ്ണുവെക്കുന്നുണ്ട്. അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയേക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാർത്ഥികൾ എല്ലാ വാർഡിലും മത്സരിക്കും. ഡൽഹിയിൽ ഭരണം പിടിക്കാൻ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവർ കരുതുന്നത്.

കർണാടകത്തിലെ ഒട്ടേറെ പ്രമുഖർ വൈകാതെ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപി.ക്കും കോൺഗ്രസിനും ജെ.ഡി.എസിനും ബദലായി എ.എ.പി. മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൽഹിയിലും പഞ്ചാബിലും പാർട്ടിയുണ്ടാക്കുന്ന മാറ്റങ്ങൾ ബെംഗളൂരുവിലെ വീടുകൾതോറും എത്തിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. വരുന്ന മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്നും കർണാടക എഎപി നേതാക്കൾ പറയുന്നു.