ആലപ്പുഴ: ഒരു കൊല്ലം മുൻപ് ഉറപ്പിച്ച വിവാഹം കോവിഡുമൂലം നാട്ടിലെത്താനാവാതെ നീണ്ടു പോയി. ഒടുവിൽ നാട്ടിലെത്തിയെങ്കിലും കോവിഡ് വീണ്ടും ചതിച്ചു.

പോസിറ്റീവായെങ്കിലും എങ്ങനെയും നിശ്ചയിച്ച സമയത്തിൽ തന്നെ വിവാഹം നടത്തണമെന്ന് വീട്ടുകാരുടെ തീരുമാനം കോവിഡ് വാർഡിലെ പ്രത്യേക മുറി മണ്ഡപമായി മാറി. പള്ളാത്തുരുത്തി 25-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം സെക്രട്ടറി കൈനകരി ഓണംപള്ളി എൻ. ശശിധരന്റെയും ജിജിമോളുടെയും മകൻ ശരത് മോനും തെക്കനാര്യാട് പ്ലാംപറമ്പിൽ സുജിയുടെയും കുസുമത്തിന്റെയും മകൾ അഭിരാമിയുമാണ് കോവിഡ് വാർഡിൽ വിവാഹിതരായത്.

ഞായറാഴ്ച പകൽ പന്ത്രണ്ടു മണിയോടെയാണ് ശരത് മോൻ അഭിരാമിയെ താലിചാർത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിലെ പ്രത്യേകമുറിയിലാണ് വിവാഹം നടന്നത്. അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേണ്ട വധു ഈ ദുരിതകാലത്തിന്റെ വേഷമണിഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് നിന്നപ്പോൾ തുളസിമാലയും താലിയും ആരോഗ്യപ്രവർത്തകർ വധൂവരന്മാർക്ക് കൈമാറി. താലി എടുത്ത് നൽകിയത് ശരത്തിനൊപ്പം കോവിഡ് ബാധിച്ച മാതാവ് ജിജിമോളും. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹവും നടന്നു. വിവാഹംകഴിഞ്ഞ് വധു ബന്ധുവിന്റെ വീട്ടിലേക്കുമടങ്ങി. വരൻ കോവിഡ് വാർഡിലേക്കും.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഏതാനും ദിവസംമുമ്പാണ് വരനും അമ്മയ്ക്കും കോവിഡ് പിടിപെട്ടതെങ്കിലും മുഹൂർത്തം തെറ്റാതെ ചടങ്ങുനടത്താനുള്ള ഇരുവീട്ടുകാരുടെയും തീരുമാനമാണു കോവിഡ് വാർഡിലെ താലികെട്ടിനു വഴിയൊരുക്കിയത്. ഖത്തറിലാണ് ശരത്മോന് ജോലി. ഒരുകൊല്ലംമുൻപ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്.

പത്തുദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി. സർക്കാരിന്റെ ഏറ്റവുമൊടുവിലത്തെ നിർദ്ദേശപ്രകാരം ക്ഷണിക്കപ്പെട്ടവരുടെ എണ്ണം 75 പേരായി ചുരുക്കി. ബുധനാഴ്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്യാസംമുട്ടലുണ്ടായി തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയത്. പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയുംചെയ്തു.

കുട്ടനാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് കെ. തോമസ്, എൻ.സി.പി. ജില്ലാ സെക്രട്ടറി പി. സണ്ണി, എസ്.എൻ.ഡി.പി. മാനേജിങ് കമ്മിറ്റിയംഗം ഷജി ഗോപാലൻ എന്നിവർ മുൻകൈയെടുത്താണ് ആശുപത്രിയിൽ വിവാഹത്തിന് അവസരമൊരുക്കിയത്. കളക്ടർ എ. അലക്സാണ്ടർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ എന്നിവർ അനുമതിനൽകി.

ശരത്തും അമ്മ ജിജിമോളും അഭിരാമിയും മാതൃസഹോദരീ ഭർത്താവും മാത്രമാണ് സുരക്ഷാവസ്ത്രംധരിച്ച് ചടങ്ങിൽ പങ്കെടുക്കുന്നത്. ഏതാനും ബന്ധുക്കൾ ആശുപത്രിക്കുപുറത്തുണ്ടാകും. ശരത്തിന്റെ അച്ഛനും സഹോദരിമാരും മുത്തശ്ശിയും വീട്ടിൽ ക്വാറന്റീലാണ്. വിവാഹശേഷം അഭിരാമി മാതൃസഹോദരിയുടെ വീട്ടിലേക്കാണ് മടങ്ങിയത്. ശരത് കോവിഡ്മുക്തനായി നീരീക്ഷണവും കഴിഞ്ഞിട്ടാകും ഇവർ ഒരുമിച്ചുള്ള ജീവിതം തുടങ്ങുക.