ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പ്രഖ്യാപനത്തിനെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്ത്. ബീഹാറിൽ എൽജെപിയുടെ ചിരാഗ് പസ്വാനെ ഉപയോഗിച്ചത് പോലെ തമിഴ്‌നാട്ടിലെ ഡിഎംകെ വോട്ടുകളെ ഭിന്നിപ്പിക്കാൻ ബിജെപി രജനീകാന്തിനെ ഉപയോഗിക്കുമെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേഖ് സിങ്വി ആരോപിച്ചത്. എന്നാൽ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ബിജെപിയുടെ തന്ത്രം ഇത്തവണ വിജയിക്കില്ലെന്നും സ്റ്റാലിൻ അധികാരത്തിൽ വരുമെന്നും സിങ്വി പറഞ്ഞു. അടുത്തവർഷം ആദ്യം തന്നെ തന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് രജനീകാന്ത് പ്രഖ്യാപിച്ചത്.

ബിജെപിയുടെ വരവ് തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ തകർച്ചയ്ക്ക് വേഗം കൂട്ടുമെന്നും തമിഴ്‌നാട്ടിൽ 'ചിരാഗ് സ്റ്റണ്ട്' നടത്താനാണ് ബിജെപിയുടെ ശ്രമമെന്നും പറഞ്ഞു. മഹാഗദ്ബന്ധനെ ബിജെപി ദുർബ്ബലപ്പെടുത്തിയത് എൽജെപിയെ കൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. രജനീകാന്തിന്റെ മുഖ്യ സംഘടകൻ ബിജെപിയുടെ മുൻ നേതാവ് അർജുനമൂർത്തി റാ ആണ്. ചെന്നൈ സന്ദർശനത്തിൽ അമിത്ഷായ്ക്കൊപ്പം വേദി പങ്കിട്ടയാളാണ് അയാൾ. സിങ്വിയുടെ കോൺഗ്രസിലെ സഹപ്രവർത്തകനും കോൺഗ്രസ് എംപിയുമായ കാർത്തി ചിദംബരവും രജനീകാന്ത് ബിജെപിയോട് അടുക്കുന്നത് എഐഎഡിഎംകെയ്ക്ക് നാശമാണെന്ന്പ്രതികരിച്ചു. എഐഎഡിഎംകെ യുടെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവവും മുഖ്യമന്ത്രി ഇ പളനിസ്വാമിയും തമ്മിൽ പിരിയാൻ കാരണമാകുമെന്നും ഇപിഎസ് ടിടിവി ദിനകരനുമായി സഖ്യമുണ്ടാക്കുമെന്നും പ്രവചിക്കുന്നു.

രജനീകാന്തിന്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ രജനീകാന്തിനെ അഭിനന്ദിച്ച് ആർഎസ്എസ് നേതാക്കളും രംഗത്ത് വന്നു. ലേറ്റായാലും ലേറ്റസ്റ്റ് എന്നാണ് ആർഎസ്സഎസ് ആശയം പിന്തുടരുന്ന തുഗൽക്കിന്റെ എഡിറ്റർ ഗുരുമൂർത്തിയും പറഞ്ഞത്. തമിഴ്‌നാട് ഈ പ്രഖ്യാപനത്തിന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു എന്നും പറഞ്ഞു. 2017 ൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചയാളാണ് രജനീകാന്ത്. 2018 ൽ അദ്ദേഹം തന്റെ പാർട്ടി ചിഹ്നവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായില്ല. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് രജനി ലക്ഷ്യമിടുന്നത്. അതിനിടയിൽ കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യമുമായി രജനീകാന്തിന്റെ പാർട്ടി സഖ്യമുണ്ടാക്കിയേക്കുമെന്നും ഇരുവരും ചർച്ച നടത്തുന്നതായിട്ടുമാണ് വിവരം.

അടുത്ത വർഷം ഏപ്രിൽ മെയ് മാസത്തിലാണ് തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 2011 ലും 2016 ലും ഡിഎംകെ എഐഎഡിഎംകെ യോട് പരാജയം അറിഞ്ഞിരുന്നു. ഇത്തവണ അധികാരത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ ഭരണകൂടം. അതിനിടയിൽ ബിജെപിയും തമിഴ്‌നാട്ടിൽ ഇടംപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. അടുത്തിടെ അവർ വേൽ യാത്ര സംഘടിപ്പിക്കാനൊരുങ്ങിയത് വിവാദമായിരുന്നു.