തിരുവനന്തപുരം: ഒരു ജന്മം മുഴുവൻ വിദേശരാജ്യങ്ങളിൽ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം അടുത്ത സുഹൃത്ത് തന്നെ വഞ്ചിച്ചുതട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് എബ്രഹാം ജോർജ് എന്ന 63 കാരൻ. വാർധക്യകാലത്ത് വിശ്രമിക്കാൻ വാങ്ങിയ കഴക്കൂട്ടം മേനംകുളത്തെ വില്ലയുടെ പേരിലാണ് 87.50 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. കോളേജ് സുഹൃത്ത് കൂടിയായ അലക്സാണ്ടർ വടക്കേടത്തിനെതിരെയാണ് എബ്രഹാം ജോർജ് രംഗത്തെത്തിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശികളും ഒരുമിച്ച് കോളേജ് വിദ്യാഭ്യാസം നടത്തിയവരുമാണ് ഇരുവരും. കോളേജിൽ നിന്നും ഇറങ്ങിയിട്ടും എബ്രഹാം ജോർജുമായുള്ള ബന്ധം തുടർന്ന അലക്സാണ്ടർ വടക്കേടം അദ്ദേഹത്തിന്റെ പ്രോജക്ടുകളായ അശ്വതി ഗാർഡൻസിലും അശ്വതി പാർക്കിലും നടത്തുന്ന എല്ലാ ആഘോഷങ്ങളിലും എബ്രഹാം ജോർജിനെയും ഭാര്യയേയും ക്ഷണിച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് അലക്സാണ്ടർ വടക്കേടത്തിന്റെ നിർബന്ധത്തിന് വഴങ്ങി എബ്രഹാം ജോർജ് അശ്വതി പാർക്കിൽ ഒരു വില്ല വാങ്ങാമെന്ന് സമ്മതിക്കുന്നത്. വാർദ്ധക്യകാലത്ത് വിശ്രമജീവിതം നയിക്കാൻ സമാധാനപൂർണമായ ഒരിടം എന്ന നിലയിലാണ് വില്ല വാങ്ങാൻ എബ്രഹാം ജോർജ് സമ്മതിക്കുന്നത്.

2500 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള സി 51 എന്ന വില്ലയും നാല് സെന്റ് വസ്തുവും 87.50 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്നാണ് എബ്രഹാം ജോർജ് സമ്മതിച്ചത്. വാക്കാലുള്ള കരാറിൽ 2018 ൽ  10 ലക്ഷം രൂപ അഡ്വാൻസും നൽകിയതായി എബ്രഹാം ജോർജ് പറയുന്നു. അഡ്വാൻസ് കിട്ടിയതോടെ അലക്സാണ്ടർ വടക്കേടം എബ്രഹാം ജോർജിന്റെയും ഭാര്യയുടെയും പേരിൽ വില്ല അനുവദിച്ചതായി കാണിച്ച് ഒരു അലോട്ട്മെന്റ് ലെറ്ററും നൽകി.

എന്നാൽ എബ്രഹാം ജോർജിന് കൈമാറിയ വില്ലയിൽ സ്ട്രക്ച്ചർ അല്ലാതെ മറ്റൊന്നും പൂർത്തിയായിരുന്നില്ല. അവിടേയ്ക്ക് താമസം മാറേണ്ട അത്യാവശ്യമുണ്ടായിരുന്നതിനാൽ അദ്ദേഹം സ്വന്തമായി എട്ട് ലക്ഷം രൂപ ചെലവാക്കി ബാക്കി പണി കൂടി പൂർത്തിയാക്കുകയായിരുന്നു. ബാക്കി നൽകാനുള്ള 77.50 ലക്ഷം രൂപ 7.5% പലിശയ്ക്ക് 120 അടവുകളായി അടയ്ക്കാമെന്ന് എബ്രഹാം ജോർജും അലക്സാണ്ടർ വടക്കേടവും തമ്മിൽ ധാരണയാകുകയും ചെയ്തു. തുക അടച്ചുതുടങ്ങി

12 മാസത്തിനുള്ളിൽ വില്ല എബ്രഹാം ജോർജിന്റെയും ഭാര്യയുടെയും പേരിൽ ആധാരം ചെയ്ത് നൽകാമെന്ന് അലക്സാണ്ടർ വടക്കേടം സമ്മതിക്കുകയും അതിന്റെ ഭാഗമായി തുക നൽകുന്നതിനുള്ള ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആ കരാറിന്റെ പുറത്ത് 21 മാസങ്ങളിലായി 22,88,666 രൂപ എബ്രഹാം ജോർജ് മുടങ്ങാതെ അടച്ചതായി അദ്ദേഹം പറയുന്നു.

എന്നാൽ അപ്പോഴേയ്ക്കും വില്ലയിൽ ചോർച്ച ഉള്ളതായും സ്റ്റെയർകേസിലൂടെയും ജനലിലൂടെയും വീടിനുള്ളിൽ വെള്ളം കയറുന്നതായും കണ്ടെത്തി. വീടിന്റെ നിർമ്മാണഅപാകതകൾ കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്. ജനാലകൾക്ക് സൺഷെയ്ഡുകൾ ഇല്ലെന്നും എബ്രഹാം ജോർജ് പരാതിപ്പെടുന്നു.

ഇരുപത് ലക്ഷം രൂപ അടച്ചുതീരുമ്പോഴോ, അല്ലെങ്കിൽ ഒരുവർഷം കഴിയുമ്പോഴോ വീട് എബ്രഹാം ജോർജിന്റെയും ഭാര്യയുടെയും പേരിലാക്കാമെന്ന് അലക്സാണ്ടർ വടക്കേടം ഉറപ്പ് നൽകിയിരുന്നെങ്കിലും 30 ലക്ഷം അടച്ചിട്ടും വിലയാധാരം ചെയ്ത് നൽകാൻ പ്രതി തയ്യാറായില്ല. അതിനെ പറ്റി സംസാരിക്കുമ്പോഴൊക്കെ അയാൾ ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് എബ്രഹാം ജോർജ് ആരോപിക്കുന്നു.

വിലയാധാരം ചെയ്ത് നൽകിയില്ലെങ്കിൽ വില്ലയ്ക്കായി അടച്ച തുകയായ 32,882,666 രൂപയും വില്ലയിൽ ചെലവാക്കിയ എട്ട് ലക്ഷം രൂപയും അടക്കം 40,88,666 രൂപ തിരിച്ചു നൽകാമെന്ന് അലക്സാണ്ടർ വടക്കേടം സമ്മതിച്ചിരുന്നതായി എബ്രഹാം ജോർജ് പറയുന്നു. എന്നാൽ വില്ലയിൽ അടുത്തുള്ള വാടകവീട്ടിലേയ്ക്ക് താമസം മാറിയ എബ്രഹാം ജോർജും കുടുംബവും അലക്സാണ്ടർ വടക്കേടത്തിനെ സമീപിച്ചെങ്കിലും കരാർ പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ അയാൾ തയ്യാറായില്ല.

തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് അപ്പോഴാണ് എബ്രഹാം ജോർജ് തിരിച്ചറിയുന്നത്. പണം നഷ്ടപ്പെട്ടതിനെക്കാൾ തന്റെ ബാല്യകാലസുഹൃത്ത് തന്നെ വഞ്ചിച്ചതിലുള്ള ഞെട്ടലിലാണ് എബ്രഹാം ജോർജ്. ഇതിന് മുമ്പ് സമാനമായി പലരും വഞ്ചിക്കപ്പെട്ട കാര്യം പിന്നീടാണ് താൻ അറിയുന്നതെന്ന് അദ്ദേഹം പറയുന്നു. വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് എബ്രഹാം ജോർജ്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ പരാതി വ്യാജമാണെന്നാണ് അലക്സാണ്ടർ വടക്കേടം പറയുന്നത്. വില്ല വാങ്ങിയ എബ്രഹാം ജോർജ് തവണകളായി പണം അടയ്ക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പണമില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. അമേരിക്കയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വില്ല ഒഴിഞ്ഞ അദ്ദേഹം തന്റെ പേരിൽ പൊലീസിൽ കള്ളക്കേസ് നൽകുകയായിരുന്നെന്നും അലക്സാണ്ടർ വടക്കേടം കൂട്ടിച്ചേർത്തു.