അബുദാബി: തിങ്കളാഴ്‌ച്ച മുസഫ ഐകാഡ് സിറ്റിയിലുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യൻ എംബസി. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അഡ്‌നോക് ഉദ്യോഗസ്ഥരുമായും യുഎഇ അധികൃതരുമായി ഇടപെടുന്നുണ്ടെന്നും ട്വിറ്ററിലൂടെ ഇന്ത്യൻ എംബസി അറിയിച്ചു.

മരിച്ചവരുടെ പേരോ മറ്റു വിവരങ്ങളോ എംബസി അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ആറു പേരിൽ രണ്ടു പേർ ഇന്ത്യക്കാർ ആയിരുന്നു. ഇവരുടെ പരുക്ക് സാരമുള്ളതായിരുന്നില്ല. അതിനാൽ ആവശ്യമായ ചികിൽസ നൽകിയ ശേഷം ഇന്നലെ രാത്രി തന്നെ ഇവരെ ഡിസ്ചാർജ് ചെയ്തുവെന്നും യുഎഇ സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും എംബസി അറിയിച്ചു.

ഇന്നലെ രാവിലെ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും ഉണ്ടായ ആക്രമണങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. മറ്റൊരു ഇന്ത്യക്കാരനും ഉണ്ട്. ഒരാൾ പാക്കിസ്ഥാനിയാണ്. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണിവർ.

തിങ്കളാഴ്‌ച്ച രാവിലെയാണ് അബുദാബിയിലെ രാജ്യന്തര വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ നിർമ്മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു.