പത്തനംതിട്ട: ബെംഗളൂരു മാരുതിനഗറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി റെൻവിൻ കെ.രാജുവിന് (25) നഷ്ടപരിഹാരമായി 51 ലക്ഷം അനുവദിച്ച് പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ എസ്.രാധാകൃഷ്ണൻ ഉത്തരവിട്ടു. 2016ൽ നടന്ന വാഹനാപകടത്തിലെ നഷ്ടപരിഹാരമായാണ് ഈ തുക അനുവദിച്ചത്. ഇൻഷുറൻസ് തുക നൽകാൻ കമ്പനി മടിച്ചതോടെയാണ് നിയമ നടപടികളിലേക്ക് കടന്നത്.

2016 ഒക്ടോബർ 15-ന് ഹർജിക്കാരൻ ഓടിച്ച മോട്ടോർ സൈക്കിളിൽ എതിർദിശയിൽ നിന്നെത്തിയ കാറിടിച്ച് യാത്രക്കാരായ റെൻവിൻ കെ.രാജു, ജുബിൻ ജോസഫ് എന്നിവർ പരിക്കേൽക്കാനിടയായി എന്നായിരുന്നു മഡ്വാളാ ട്രാഫിക് പൊലീസ് ചാർജ് ചെയ്ത കേസ്. അപകടത്തിൽ റെൻവിൻ കെ.രാജുവിന്റെ വലതുകാലിന് ഒടിവും മാംസപേശികൾക്ക് ചതവും ഉണ്ടായി.

ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഹർജിക്കാരന്റെ തുടർചികിത്സ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലായിരുന്നു. നഷ്ടപരിഹാരമായി 33.18 ലക്ഷവും ഒന്പത് ശതമാനം പലിശയും കോടതി ചെലവും എതിർകക്ഷിയായ ചോളമണ്ഡലം എം.എസ്.ഇൻഷുറൻസ് കമ്പനി 30 ദിവസത്തിനകം കെട്ടിവെയ്ക്കാനാണ് കോടതി ഉത്തരവ്.

എം.ബി.എ. ബിരുദധാരിയാണ് റെൻവിൻ. അഭിഭാഷകരായ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ടി.എം.വേണുഗോപാൽ, അഡ്വ. സിന്ധു ടി.വാസു എന്നിവർ മുഖേനയാണ് പരിക്കേറ്റ റെൻവിൻ കെ.രാജുവും പിൻസീറ്റ് യാത്രക്കാരൻ ജുബിൻ ജോസഫും ഹർജി നൽകിയത്. മോട്ടോർ സൈക്കിളിൽ ഒപ്പം യാത്രചെയ്ത ജുബിൻ ജോസഫിനേറ്റ പരിക്കുകൾക്ക് 14.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ വി.ജി.ശ്രീദേവി ഉത്തരവിട്ടു.