താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കാന്തപുരം എം പി അബൂബക്കർ മുസ്ലിയാറുടെ ഉടമസ്ഥതയിലുള്ള നോളജ് സിറ്റിയിലെ നിർമ്മാണ പ്രവർത്തനത്തിന് ഇടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ പ്രദേശത്തുള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നിരവധി കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തവേ അപകടം ഉണ്ടായത്.

ഇവിടെ നിർമ്മാണങ്ങൾ നിയമാനുശ്രുതാമാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. നേരത്തെ കോടഞ്ചേരിയിൽ തോട്ടം ഭൂമി തരംമാറ്റി നടത്തുന്ന അനധികൃത നിർമ്മാണങ്ങളിൽ കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബർ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവരികയുണ്ടായി. നോളജ് സിറ്റി നിലനിൽക്കുന്നത് തോട്ടഭൂമിയിലെന്ന് വെളിപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥർ ഉന്നതരുടെ സംരക്ഷണമുള്ളതിനാൽ ഭൂമി തരം മാറ്റുന്നതിന് തടസങ്ങളില്ലെന്നും വ്യക്തമാക്കി.

1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയിൽ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം. മറ്റാവശ്യങ്ങൾക്കായി തോട്ടഭൂമി തരംമാറ്റിയാൽ അത് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കണമെന്ന് സെക്ഷൻ 87 ൽ പറയുന്നുണ്ട്.