കായംകുളം: അപകടത്തിൽപെട്ട കുടുംബത്തിനൊപ്പമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ തോളിലിട്ട് താരാട്ട് പാട്ട് പാടി ഉറക്കിയ പൊലീസ് ഹോംഗാർഡിന് അഭിനന്ദന പ്രവാഹം. കായംകുളം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കെ.എസ്.സുരേഷിനാണ് നാട്ടുകാരുടെയും പൊലീസ് വകുപ്പിന്റെയും അഭിനന്ദനം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ഞിനെ തോളത്ത് കിടത്തി പുറത്ത് തട്ടി ഉറക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

തിങ്കളാഴ്ച കായംകുളം താലൂക്കാശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു സുരേഷ്. പുലർച്ചെ 2.30 ഓടെ കരീലക്കുളങ്ങരക്ക് സമീപം രാമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറി അപകടം നടന്നിരുന്നു. അപകടത്തിൽ തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി (ഒന്നരവയസ്) മരിച്ചു. നിസാര പരുക്കുകളോടെ രക്ഷപെട്ട സൈറയുടെ സഹോദരി ഇസ മരിയ ഡെന്നിയെയാണ് സൂരേഷ് പരിചരിച്ചത്. ഡെന്നി വർഗീസിന്റെ ഭാര്യ മിന്ന (28), മകൾ ഏഴുമാസം പ്രായമുള്ള ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരൻ തിരുവനന്തപുരം തോന്നക്കൽ ഓട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്ക് പരുക്കേറ്റിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.

പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ രക്ഷപ്പെട്ട കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ അടക്കാനാണ് അപ്പോൾ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് കുട്ടിയെ ഏറ്റെടുത്തത്. പുലർച്ചെ ഒരുമണി മുതൽ 6 മണി വരെ സുരേഷ് കുട്ടിയെ പരിചരിച്ചു. പിന്നീട് ബന്ധുക്കൾ എത്തി കുട്ടിയെ ഏറ്റുവാങ്ങുന്നത് വരെ ഇദ്ദേഹം കുട്ടിയെ തോളിലിട്ട് താരാട്ടു പാടിയും മറ്റും ആശ്വസിപ്പിക്കുകയും ഉറക്കുകയുമായിരുന്നു.

ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകനായ അനസ് മൊബൈലിൽ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് വൈറലായത് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ അവസ്ഥ മനസിലാക്കി തന്റെ ഉള്ളിൽ നിന്നുണ്ടായ സ്നേഹം പകർന്ന് നൽകുക മാത്രമാണ് താൻ ചെയ്തത് എന്ന് സുരേഷ് പറയുന്നു. കുട്ടിക്ക് പാലു കുടിക്കുന്നതിന് പൊലീസുകാർ കുപ്പി വാങ്ങി പാൽ നിറച്ച് നൽകുകയും കുട്ടിക്ക് ആവശ്യമായ സ്നഗി അടക്കം പൊലീസുകാർ എത്തിച്ചു നൽകുകയും ചെയ്തതായും സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ദൃശ്യം പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ വലിയ അഭിനന്ദനങ്ങളാണ് സുരേഷിന് ലഭിക്കുന്നത്.