കൊച്ചി: മഹാരാഷ്ട്രയിലെ ബാങ്കിൽ നിന്നു 11 കോടി രൂപ വായ്പ തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു ബിസിനസുകാരനിൽ നിന്ന് 73.5 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഇടുക്കി സ്വദേശി ജിയോ മാത്യുവിനെ (40) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പിള്ളി സ്വദേശി ഹാരിസിന്റെ പരാതിയിലാണു കേസ്.

പൊലീസ് പറയുന്നത്: സുഹൃത്ത് വഴിയാണു ഹാരിസ് ജിയോ മാത്യുവിനെ പരിചയപ്പെടുന്നത്. 4% പലിശയ്ക്കു ബാങ്ക് വായ്പ നൽകാമെന്നാണു വിശ്വസിപ്പിച്ചത്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ചർച്ച നടത്തി.

ജിയോയുടെ ഭാര്യ ബിനിമോൾ, സുനിൽകുമാർ, അർജുൻ, ബാബു റിയാസ്, കാർത്തിക്, ആലപ്പുഴ സ്വദേശി നൂറുദീൻ കോയ എന്നിവരാണു ബാങ്ക് പ്രതിനിധികളെന്ന വ്യാജേനെ ചർച്ചയിൽ പങ്കെടുത്തത്.

കഴിഞ്ഞ ഡിസംബറിലാണു കമ്മിഷൻ, കോഷൻ ഡിപ്പോസിറ്റ് ഇനങ്ങളിലായി 73.5 ലക്ഷം രൂപ ജിയോയ്ക്കു നൽകിയത്. വായ്പ ആവശ്യത്തിനായി ഹാരിസിനെ മുംബൈയിലെത്തിച്ച് അവിടെവച്ച് ബാങ്കിന്റെ പേരിൽ സത്യവാങ്മൂലം ഒപ്പിടുവിച്ചു.

15 ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടിലേക്കു പണം ലഭിക്കാത്തതിനെ തുടർന്നു സംശയമുന്നയിച്ചപ്പോൾ കോവിഡ് കാരണം ബാങ്ക് അടച്ചതാണു കാരണമായി ജിയോ പറഞ്ഞത്. പിന്നീടു നൂറുദ്ദീൻ കോയയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു തട്ടിപ്പു വ്യക്തമായത്.

കോൺഗ്രസ് നേതാവായ ഒരു മുൻ േകന്ദ്രമന്ത്രിയുടെ ബെനാമിയാണു താനെന്നാണു ഹാരിസിനോടു നൂറുദ്ദീൻ പറഞ്ഞിരുന്നത്. ചെക്ക് നൽകിയതിനു ശേഷം എറണാകുളത്തെ ഷോറൂമിൽ നിന്ന് ജിയോ 19 ലക്ഷം രൂപയുടെ വാഹനം വാങ്ങിയതായി കണ്ടെത്തി. പ്രതികൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഹാരിസിന്റെ പരാതിയിൽ പറയുന്നുണ്ട്.