തലശേരി: പെരിങ്ങത്തൂർ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തു. കേസിലെ 10 ാം പ്രതിയും പുല്ലൂക്കരയിലെ സിപിഎം പ്രാദേശിക നേതാവുമായ പി.പി ജാബിറിനെയാണ് കണ്ണംവെള്ളിയിൽ നടന്ന സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്.

നേരത്തെ സിപിഎം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ജാബിർ. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച്ച നടന്ന പൊതുസമ്മേളനം ഓൺലൈനായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 13 പേരെയാണ് ലോക്കൽ കമ്മിറ്റി അംഗങ്ങളായാണ് തെരഞ്ഞെടുത്തത്. മൂന്നുപേർ പുതുമുഖങ്ങളാണ്.

ലോക്കൽ സെക്രട്ടറിയായി എൻ. അനൂപിനെയാണ് തെരഞ്ഞെടുത്തത്. ജാബിർ ഉൾപ്പെടെയുള്ള ലോക്കൽ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്ത പോസ്റ്ററുകൾ സിപിഎം സൈബർ സഖാക്കൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ദിവസം യുത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പി.പി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി യൂത്ത് ലീഗ് - മുസ് ലിം ലീഗ് പ്രവർത്തകർ റിമാൻഡിലായിരുന്നു.