മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമൂഹ മാധ്യമത്തിൽ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ച് താരം പോസ്റ്റിട്ടത്. മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങൾ എന്നാണ് ലാലിന്റെ കുറിപ്പ്.

സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ ധാരണയായിരുന്നു. വിനോദ നികുതിയിൽ ഇളവ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ, 2021 ജനുവരി മുതൽ മാർച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഫഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിങ് ഫിറ്റ്നസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.

തിയേറ്റർ തുറക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും സിനിമാ സംഘടനകൾ അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റർ ഉടമകൾ അടക്കമുള്ള സംഘടനകളുടെ യോഗം തീയേറ്ററുകൾ എന്നു തുറക്കാം എന്നതിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. തിയേറ്റർ ഉടമകൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.