മുംബൈ: നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതിയും തള്ളി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരി മരുന്ന് കേസിൽ റിയയുടെയും സഹോദരൻ ഷോവിക് ചക്രബർത്തിയുടേയും അടക്കം ആറ് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. റിയ ചക്രബർത്തി, ഷോവിക് ചക്രബർത്തി, അബ്ദുൽ ബാസിത്, സയ്ദ് വിലാത്ര, ദീപേഷ് സാവന്ത്, സാമുവൽ മിരാൻഡ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകൻ വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് റിയയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. താൻ നിരപരാധിയാണെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നും റിയ കോടതിയിൽ ആരോപിച്ചു. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു. ചോദ്യം ചെയ്യുമ്പോൾ വനിതാ ഓഫിസർമാരുണ്ടായിരുന്നില്ല. റിയ കടത്തിയെന്നാരോപിക്കുന്ന ലഹരിമരുന്നിന്റെ അളവ് എത്രയെന്നോ, എത്ര പണം മുടക്കിയെന്നോ പറയുന്നില്ല. അന്തരിച്ച നടനും കാമുകനുമായ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിച്ചിരുന്നു എന്ന ആരോപണവും വിശദീകരിച്ചിട്ടില്ല.

എന്നിട്ടും റിയ വലിയ ‘ലഹരി സിൻഡിക്കേറ്റി'ന്റെ ഭാഗമാണെന്നു കുറ്റപ്പെടുത്തുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം, നടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സമൂഹത്തിലുള്ള സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വാദം കോടതി അഗീകരിച്ചു.

ചൊവ്വാഴ്‌ച്ചയാണ് റിയയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിനു ലഹരിമരുന്ന് എത്തിച്ചു, ലഹരി റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചു എന്നീ ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ്. കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നും താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് റിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തന്റെ ജീവൻ അപകടത്തിലാണെന്നും സ്വയം കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കുറ്റസമ്മതമെല്ലാം താൻ പിൻവലിക്കുന്നതായും റിയ വ്യക്തമാക്കി.

തനിക്കെതിരെ ബലാത്സംഗ, വധഭീഷണികളുണ്ട്. മൂന്ന് ഏജൻസികളുടെ അന്വേഷണം മാനസികമായി ഏറെ തകർത്തു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അറസ്റ്റ് അനാവശ്യവും ന്യായീകരിക്കാൻ കഴിയാത്തതുമാണ്. എല്ലാ സ്വാതന്ത്ര്യവും വെട്ടിക്കുറച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയെന്നും ചോദ്യം ചെയ്യലിന് ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ലെന്നും റിയ ആരോപിക്കുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ഏറെ ഉയർന്നു കേൾക്കുന്ന പേരാണ് കാമുകിയായ റിയാ ചക്രവർത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററിൽ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. മറ്റൊരു വലിയ പോസ്റ്റിലൂടെ സുശാന്തിന് റിയ വികാരപരമായി അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്കു വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങൾ നൽകുന്നത്.