ന്യൂഡൽഹി: രാജ്യത്ത് കത്തിക്കാളുന്ന കർഷകരോഷം അംബാനിയക്കും അദാനിക്കും നേരെ തിരിഞ്ഞതോടെ അനുനയ ശ്രമവുമായി അദാനി രംഗത്ത്. കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങൾക്ക് വില ഈടാക്കാറില്ലെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ് രംഗത്തു വന്നു. ഫുഡ് കോർപ്പറേഷന് (എഫ്‌സിഐ) വേണ്ടി മാത്രമാണ് ധാന്യവിളകൾ സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ഫുഡ് കോർപ്പറേഷന് ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്ത് നൽകുന്നത്. അല്ലാതെ എത്രമാത്രം ധാന്യവിളകൾ സംഭരിക്കണമെന്നും അതിന്റെ വിലയെത്രയെന്നും തങ്ങളല്ല തീരുമാനിക്കുന്നതെന്നും ട്വിറ്ററിലൂടെ അദാനി വ്യക്തമാക്കി.

സ്വകാര്യ കമ്പനികൾ സർക്കാർ പങ്കാളിത്തത്തോടെയാണ് വിളകൾ സംഭരിക്കുന്നത്. എഫ്‌സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്. സ്വകാര്യ കമ്പനികൾ വിളകൾ സംഭരിക്കുന്നതിന് വില ഈടാക്കും. എന്നാൽ എഫ്‌സിഐയ്ക്കായിരിക്കും ഇവയുടെ പൂർണ ഉടമസ്ഥാവകാശം. ഇവ വിൽക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സർക്കാർ നേരിട്ടാണ്. അദാനിക്കും അംബാനിക്കും വേണ്ടിയാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കർഷകർ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിലപാടറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

കർഷകരുമായി നേരിട്ട് നടത്തുന്ന കച്ചവടത്തിനേക്കാൾ നല്ലത് സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള കച്ചവടമാണ്. ഭക്ഷ്യവിളകൾ കൃത്യമായി സംരക്ഷിച്ച് വയ്ക്കാനും ഇത്തരം സംരംഭങ്ങളാണ് നല്ലതെന്നാണ് അദാനി ഗ്രൂപ്പിന്റെ അഭിപ്രായം. എന്നാൽ വൻകിട കുത്തക കമ്പനികളുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.

അതിതിനിടെ കാർഷിക സമരത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ചർച്ചകൾ തുടർച്ചയായി പരാജയപ്പെടുന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. 'കർഷകർ മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാരെ അകറ്റിനിർത്തണം', പ്രശാന്ത് ഭൂഷൺ പറഞ്ഞു. കർഷകർ അംബാനിയും അദാനിയുമായി നേരിട്ട് ചർച്ചയ്ക്കൊരുങ്ങുന്നുവെന്ന ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രവും പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

നേരത്തെ സമരം കോർപ്പറേറ്റുകൾക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കർഷകർ ജിയോ ഉത്പന്നങ്ങൾ പൂർണ്ണമായും ബഹിഷ്‌കരിക്കാൻ പ്രഖ്യാപിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേൽ ഉപയോഗിക്കുകയില്ലെന്നുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മാധ്യമപ്രവർത്തകനായ പ്രശാന്ത് കുമാർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാൻ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതിനിടെ കോർപ്പറേറ്റുകൾക്കെതിരായ ബഹിഷ്‌ക്കരണം കൂടുതൽ ഊർജ്ജിതപ്പെടുത്താനാണ് കർഷകരുടെ ശ്രമം. കർഷകർ ജിയോ ഉത്പന്നങ്ങൾ പൂർണ്ണമായും ബഹിഷ്‌കരിക്കാൻ പ്രഖ്യാപിച്ചിരിക്കയാണ്. ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേൽ ഉപയോഗിക്കുകയില്ലെന്നുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ റിലയൻസ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കർഷകർ പ്രതിഷേധിച്ചിരുന്നു.

പഞ്ചാബിലെ കർഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്. കോർപ്പറേറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ജിയോ സിം കാർഡുകൾ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്. സോഷ്യൽ മീഡിയയിൽ ജിയോ സിമ്മിനെതിരായ ക്യാംപയിനിൽ, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകൾ നശിപ്പിച്ചിരുന്നു. റിലയൻസ് പമ്പുകളിൽ നിന്ന് പെട്രോളുംഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.കാർഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി സർക്കാർ അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.

നേരത്തെ അദാനിക്കെതിരെ കർഷകർ ശക്തമായ നിലപാട് എടുത്തിട്ടില്ലായിരുന്നു. എന്നാൽ അദാനിയുടെ അഗ്രി കമ്പനി വരുന്നുണ്ടെന്നും ഇതിനുവേണ്ടി കൂടിയാണ് പുതിയ കാർഷിക നിയമ ഭേദഗതി എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്, കർഷക രോഷം മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നറിയപ്പെടുന്ന ഗൗതം അദാനിക്കെതിരെയും നീളുന്നത്. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

പത്ത് കമ്പനികളിൽ ഡയറക്ടറായി അദാനി ഗ്യാസിന്റെ ജനറൽ മനേജറായിരുന്ന അമിത് മാലിക്ക് നിയമിതനായി. 2019 മാർച്ച് മുതലുള്ള മൂന്ന് മാസങ്ങളിലായാണ് ഈ നടപടി ഉണ്ടായത്. അദാനി അഗ്രി ലോജിസ്റ്റിക്സ്(കാത്തിഹാർ)ലിമിറ്റഡ്,അദാനി അഗ്രി ലോജിസ്റ്റിക്സ് (ദാഹൂഡ്) ലിമിറ്റഡ്,അദാനി ലോജിസ്റ്റിക്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, അദാനി അഗ്രി ലോജിസ്റ്റിക്സ്(കന്നു)ലിമിറ്റഡ് അദാനി അഗ്രി ലോജിസ്റ്റിക്സ്(കോത്ത്കപുര)ലിമിറ്റഡ, ഡെർമോട്ട് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ്അദാനി അഗ്രി ലേജിസ്റ്റിസ്‌ക്സ്(ബോറിവാലി) ലിമിറ്റഡ്, അദാനി അഗ്രി ലോജിസ്റ്റിക്സ്(ദാർബംഗ)ലിമിറ്റഡ്, അദാനി അഗ്രി ലോജിസ്റ്റിക്സ് (ദമോറെ) ലിമിറ്റഡ്, അദാനി ലോജിസ്റ്റിസ്‌ക് (പാനിപ്പറ്റ്) ലിമിറ്റഡ് തുടങ്ങിയവയാണ് ഈ കമ്പനികൾ.

ഈ കമ്പനികൾ കൂടുതൽ ആക്ടിവായി പ്രവർത്തിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കർഷക നയത്തിൽ കമ്പനികൾക്ക് അനുകൂലമായി ഭേദഗതികൾ വരുത്തിയത്. അതുകൊണ്ട് തന്നെ അദാനിയെ പോലുള്ളവർക്ക് വേണ്ടിയാണ് ഇപ്പോഴത്തെ നിയമം എന്നാണ് കർഷകർ ആരോപിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പു കാമ്പയിന് ഉപയോഗിച്ചിരുന്നത് പോലും അദാനിയുടെ വിമാനമായിരുന്നു. അത്രയ്ക്ക് ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇക്കാര്യം അടക്കം കർഷക രോഷത്തിന് ഇടയാക്കുന്നു.