കൊൽക്കത്ത: ട്വിറ്ററും ഫേസ്‌ബുക്കും വിട്ട് കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനം. പശ്ചിമ ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ബംഗാളിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെയാണ് പ്രതികരണം. ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്ന്? അധിർ രഞ്ജൻ ചൗധരി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ത്രീകളും മുസ്‌ലിംകളും മമതയ്ക്ക് പിന്നിൽ അണിനിരന്നതോടെയാണ് തൃണമൂൽ വൻവിജയം നേടിയതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിൽ ഉത്തർ പ്രദേശ് ആവർത്തിക്കുമോയെന്ന് മുസ്‌ലിംകൾ ഭയന്നു. അവർ മമതയെ രക്ഷകയായി കണ്ടു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുകളും തൃണമൂലിലേക്ക് പോയിട്ടുണ്ട്. ജനങ്ങളുടെ അഭിവൃദ്ധിക്കായി വ്യക്തമായ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നതിൽ ഇടത് - കോൺഗ്രസ് സഖ്യം പരാജയപ്പെട്ടെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിച്ചു.

കോവിഡ് സാഹചര്യം കാരണം രണ്ട് റാലികൾക്ക് ശേഷം രാഹുൽ ഗാന്ധി ബംഗാളിൽ വന്നില്ല. ഇത് പ്രവർത്തകരുടെ മനോവീര്യത്തെ ബാധിച്ചു. അവസരം തൃണമൂലും ബിജെപിയും മുതലാക്കി. ബിജെപിയാണ് ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഭീഷണി എങ്കിൽ പ്രാദേശിക തലത്തിലെ ഭീഷണി മമതയാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഞങ്ങൾ എവിടെ പോകും എന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ ചോദ്യം.

ഇന്നത്തെ സാഹചര്യത്തിൽ ഭാവിയെ കുറിച്ച് ശോഭനമായ പ്രതീക്ഷകളില്ല. പാർട്ടി കൂടുതൽ കരുത്ത് ആർജിക്കണം. അതിനാൽ ട്വിറ്ററിലും ഫേസ്?ബുക്കിലും ഒതുങ്ങാതെ പ്രവർത്തകർ തെരുവിലിറങ്ങണം. മറ്റെല്ലാം മാറ്റിവെച്ച് പ്രവർത്തകർ കോവിഡ് പ്രതിസന്ധിയിൽ ജനങ്ങളെ സഹായിക്കണം.