തൃശൂർ: ഇടതുകയ്യിലെ ഞരമ്പ് മുറിച്ചാണ് നടൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം ഏതോ ഗുളികളും കഴിച്ചിരുന്നു. അസ്വാഭാവികമായി കാർ കാനയിലേക്ക് ഇറങ്ങിക്കിടക്കുന്നത് കണ്ട് അടുത്തെത്തിയ സുഹൃത്തുക്കളും പൊലീസുമാണ് ആദിത്യനെ തിരിച്ചറിഞ്ഞത്. വാഹന നമ്പർ കണ്ടാണ് സുഹൃത്തുക്കൾ ആദിത്യനാണെന്നറിഞ്ഞത്. ഡോർ തുറന്നപ്പോൾ കണ്ടത് ചോരവാർന്ന നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആദിത്യനെ.

താങ്ങിയെടുത്തെപ്പോൾ മടിയിൽ നിന്നും ഗുളികൾ നിലത്തേക്ക് വീണു. ഇന്ന് വൈകുന്നേരം 7.30 നാണ് നടൻ ആദിത്യനെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്ത ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ശുശ്രൂഷ നൽകിയതോടെ അപകടനില തരണം ചെയ്തു. പിന്നീട് കൈ ഞരമ്പ് മുറിച്ച ഇടതു കയ്യിൽ തുന്നലും ഇട്ടു. ഗുളികൾ കഴിച്ചതിനാലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് പൊലീസ് മറുനാനോട് പറഞ്ഞു.

ലോക്ക്ഡൗൺ ആയതിനാൽ സംഭവം നടന്ന നടുവിലാലിൽ ആരും ഇല്ലായിരുന്നു. വൈകുന്നേരമായപ്പോൾ സുഹൃത്തുക്കൾ ഇതുവഴി പോയപ്പോഴാണ് കാർ കണ്ടത്. ഈ സമയം തന്നെ കാറിനടുത്തേക്ക് പൊലീസും എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയതോടെ ബോധം തെളിഞ്ഞു.

ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുറിവ് തുന്നിക്കെട്ടിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. എനിക്ക് മരിക്കണം എന്ന് ഇടയ്ക്കിടക്ക് പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. അമിതമായി ഗുളിക കഴിച്ചതിനാൽ കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കാനായാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചർച്ചയായിരുന്നു. ഭാര്യ അമ്പിളി ദേവിയുമായുള്ള പ്രശ്നങ്ങൾ പലവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ആദിത്യൻ വീട്ടിൽ എത്തി അക്രമം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതിനിടെയാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമം. അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്.

കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നിരുന്നു. ഇതോടെയാണ് സീരിയൽ താരദമ്പതിമാരുടെ കുടുംബ പ്രശ്നം പുറം ലോകത്ത് എത്തുന്നത്. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

ഈ ആരോപണമെല്ലാം ആദിത്യൻ നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം മറുനാടന് ഇതു സംബന്ധിച്ച അഭിമുഖവും ആദിത്യൻ നൽകിയിരുന്നു.