കൊച്ചി: ഗാർഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നൽകിയ കേസിൽ ഭർത്താവും നടനുമായ ആദിത്യൻ ജയന് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അ്മ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുതെന്ന് താക്കീത് നൽകിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ഗാർഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നൽകിയ കേസിൽ ആദിത്യൻ ജയന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലായ് ഏഴുവരെ നീട്ടിയിരുന്നു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞത് ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു അമ്പിളി രംഗത്തുവന്നതോടെയാണ്. തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അമ്പിളി തുറന്നു പറഞ്ഞിരുന്നു. ഭർത്താവ് ജയൻ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യൻ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂർ ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നതത്രെ. പക്ഷെ ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു എന്നുമായിരുന്നു അമ്പിളിയുടെ ആരോപണം.

'ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!' എന്നാണ് അമ്പിളിയുടെ വാക്കുകൾ. ഭർത്താവും ആ സ്ത്രീയും തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നു. തന്നെ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തു. കാര്യങ്ങൾ പറയാൻ നേരം മാത്രം ബ്ലോക്ക് മറ്റും എന്നും അമ്പിളി പറയുകയുണ്ടായി. 'സത്യം പറഞ്ഞാൽ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്‌നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. എന്നും അമ്പിളി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ വാദങ്ങൾ വിശദീകരിച്ചു കൊണ്ട് രംഗത്തുവരികയുമുണ്ടായി.