അടൂർ: 40 ലക്ഷം രൂപയുടെ ബിഎസ്എൻഎൽ കേബിൾ മുറിച്ചു കടത്തുകയും സർക്കാർ ഭൂമിയിലെ മരം മുറിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി ഹൈക്കോടതി ഏജി ഇടപെട്ടുവെന്ന് ആരോപണം. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് നിയമോപദേശം നൽകിയെന്നാണ് ആരോപണം. ഈ കാരണം ചൂണ്ടിക്കാണ്ടി അടൂർ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് പരാതിക്കാർ പറയുന്നു.

ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിന് വേണ്ടിയാണ് പൊലീസിന്റെ ഒളിച്ചു കളി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അജി ഫിലിപ്പിനെ അറസ്റ്റ് ചെയ്യാൻ യാതൊരു തടസവും ഇല്ലാതിരിക്കേ പൊലീസ് അനങ്ങാത്തതാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്. ഈ കേസിൽ രണ്ടു ജീവനക്കാരനെയും സ്വന്തം സഹോദരനെയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ട അജി ഫിലിപ്പ് താൻ അകത്തു കിടക്കാതിരിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. റിമാൻഡിലായ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മുൻകൂർജാമ്യം തേടിക്കൊണ്ടുള്ള മൂന്നാം പ്രതിയുടെ ഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അജി ഫിലിപ്പ് ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിന് സമീപിച്ചത്. ഹർജി കോടതി പരിഗണിച്ചിട്ടു പോലുമില്ല. ഇതിനിടെയാണ് എജി വാക്കാൽ നിർദ്ദേശം നൽകി അറസ്റ്റ് തഞ്ഞതായി പൊലീസിൽ നിന്ന് പറയുന്നത്.

അങ്ങനെ ഒരു നിർദ്ദേശം നൽകാൻ എജിക്ക് അധികാരമില്ല. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതു കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഒരു നിയമ പുസ്തകത്തിലും പറയുന്നില്ല. പഴി മുഴുവൻ എ.ജിയുടെ തലയിൽ ചാരി അജി ഫിലിപ്പിനെ രക്ഷിക്കാൻ പൊലീസ് സ്വയം രംഗത്തു വന്നുവെന്നാണ് ആരോപണം. ചില ഉദ്യോഗസ്ഥർ ഈ കേസിൽ കോഴ കൈപ്പറ്റിയതായും ആരോപണമുണ്ട്.

അജി ഫിലിപ്പിനെ ന്യായീകരിച്ചാണ് ചില ഉദ്യോഗസ്ഥർ സംസാരിക്കുന്നത്. മാധ്യമങ്ങൾ വിവരം ചോദിച്ച് വിളിച്ചാൽ ഇവർ അജിക്ക് അനുകൂലമായ മറുപടിയാണത്രേ നൽകുന്നത്. പൊതുമുതൽ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അജി ഫിലിപ്പ്. ഇയാളുടെ ജീവനക്കാരനെയും സഹോദരനെയും അറസ്റ്റ് ചെയ്യാൻ കാണിച്ച ആർജവം ഇയാളുടെ കാര്യത്തിൽ കാണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. പൊലീസിന്റെ വീഴ്ച ഇക്കാര്യത്തിൽ പ്രകടമാണ്. അജി മുൻകൂർ ജാമ്യ ഹർജി ഇതു വരെ നൽകിയിട്ടില്ലെന്നും പറയുന്നു. ഇല്ലാത്ത ജാമ്യഹർജിയുടെ പേര് പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള പൊലീസ് നീക്കമാണ് പുറത്തു വന്നിരിക്കുന്നത്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കേബിൾ മുറിച്ചു കടത്തിയ കേസിൽ അജി ഫിലിപ്പിന്റെ സഹോദരൻ അടക്കം രണ്ടു പേർ മൂന്നാഴ്ച മുൻപ് അറസ്റ്റിലായിരുന്നു. ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്‌സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

കഴിഞ്ഞ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.