അടൂർ: പത്തനംതിട്ട കോൺഗ്രസിൽ കലാപം. നേതാക്കൾ തമ്മിലുള്ള സംഘർഷം തെരുവിലുമെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് അടൂരിലെ കോൺഗ്രസുകാർ നൽകിയതുകൊടിയ അപമാനവും സമ്മാനിച്ചു. കെഎസ്‌യു സംഘടിപ്പിച്ച മൊബൈൽ ഫോൺ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഷാഫി എത്തിയത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് എന്നിവയിലെ പ്രധാന നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടു നിന്നു.

അടൂരുകാരായ നേതാക്കൾ പോലും ചടങ്ങിന് വന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ വേണ്ടി വിട്ടു നിന്നതാണെന്ന ന്യായീകരണം ചിലർ ഉയർത്തുന്നുണ്ടെങ്കിലും കാര്യം അതല്ല എന്നാണ് നേതാക്കൾ തന്നെ പറയുന്നത്. കെഎസ്‌യു അടൂർ ബ്ലോക്ക് കമ്മറ്റി 26 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത് പറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടമാണ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ ഉദ്ഘാടകനായി കൊണ്ടു വന്നത്.

ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളെയും പോഷക സംഘടനാ നേതാക്കളെയും വിവരം അറിയിച്ചിരുന്നു. എ ഗ്രൂപ്പുകാരെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം എന്നിവർ ചടങ്ങിന് വന്നില്ല. അടൂരിൽ നിന്നുള്ള കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ ഏഴംകുളം അജു, തേരകത്ത് മണി എന്നിവരും ചടങ്ങിന് വന്നില്ല. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ എന്നീ നേതാക്കൾ പങ്കെടുക്കുകയും ചെയ്തു.

രാഹുൽ മാങ്കൂട്ടം വിശിഷ്ടാതിഥിയെ കൊണ്ടു വന്നതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത് എന്നാണ് അറിയുന്നത്. ടെലിവിഷൻ ചാനൽ ചർച്ചകളിലും മറ്റും മിന്നും താരമാണ് രാഹുൽ. രാഹുലിന് മേൽക്കൈ കിട്ടുന്നതാണ് ഇവർക്ക് സഹിക്കാൻ കഴിയാതെ പോയതെന്ന് പറയുന്നു. ഷാഫി എ ഗ്രൂപ്പുകാരനായിട്ടും വിട്ടു നിന്നതിൽ ഏറെയും ഇതേ ഗ്രൂപ്പുകാർ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. അടുത്ത കാലത്ത് ഷാഫി ഗ്രൂപ്പുമായി അകന്നുവെന്ന കാരണവും ഇവർ നിരത്തുന്നു.

ഡിസിസി ഭാരവാഹി ഏഴംകുളം അജുവും മുൻ നഗരസഭാ കൗൺസിലർ പൊന്നച്ചൻ മാതിരമ്പള്ളിയും തെരുവിൽ ഏറ്റുമുട്ടിയതാണ് ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് രൂക്ഷമായതിന്റെ അവസാനത്തെ സംഭവം. പൊന്നച്ചന്റെ വീടിന്റെ മുന്നിൽ വച്ചായിരുന്നു സംഘർഷം ഉണ്ടായത്. പറക്കോട് മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നിരുന്നു. പൊന്നച്ചനെ ഇവിടെ പ്രസിഡന്റാക്കാൻ തീരുമാനിച്ചു. ഏഴംകുളം അജു വിഭാഗം ഇതിനെ എതിർത്ത് രംഗത്തു വന്നു. പറക്കോട്ട് നായർ സമുദായത്തിൽ നിന്നൊരാൾ പ്രസിഡന്റാകട്ടെ എന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം.

മണ്ണടി പരമേശ്വരൻ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പൊന്നച്ചന് വേണ്ടി രംഗത്തുണ്ട്. പൊന്നച്ചനെ പ്രസിഡന്റായി മണ്ഡലം കമ്മറ്റി തീരുമാനിച്ചു. തോപ്പിൽ ഗോപകുമാർ, തേരകത്ത് മണി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഇതിന് ശേഷം വീണ്ടും ചേർന്ന യോഗത്തിൽ ഏഴംകുളം അജു വിഭാഗം പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബഹളം കൂട്ടി. യോഗം അലങ്കോലപ്പെടുകയും ചെയ്തു. ഇതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം പൊന്നച്ചനും അജുവും തമ്മിൽ ഏറ്റുമുട്ടിയത്.