തിരുവനന്തപുരം: അടൂർ പ്രകാശ് എംപിക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ. ഫൈസൽ വധശ്രമക്കേസിൽ എംപി ഇടവിട്ടതിന്റെ ശബ്ദരേഖയെ തള്ളി അടൂർ പ്രകാശ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റതാണ് പുറത്തായ ശബ്ദരേഖ. ഫൈസൽ വധക്കേസിൽ നിന്ന് തന്നെ രക്ഷിക്കാമെന്ന് ഷിജിത്ത് പറയുന്നതാണ് ശബ്ദരേഖ. ഏതോ വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രതി ഇട്ടതാണ് ശബ്ദരേഖയെന്ന് ഡിവൈഎഫ് ഐ പറയുന്നു.

ഫൈസൽ വധശ്രമക്കേസിൽ എംപി വഴി നേതതൃത്തെ അറിയിച്ചാണ് പൊലീസ് സ്റ്റേഷനിൽ ഇടപെട്ടതെന്നും ഷജിത്ത് ശബ്ദരേഖയിൽ പറയുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ആർക്കും കോൺഗ്രസുമായി ബന്ധമില്ലെന്ന നേതാക്കളുടെ പ്രതികരണം നിരാകരിക്കുന്നതാണ് പുറത്തായ ശബ്ദരേഖ. എന്നാൽ ഇപ്പോഴത്തെ കേസുമായി അടൂർ പ്രകാശിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന ഒന്നും അതിൽ ഇല്ലെന്നതാണ് വസ്തുത. ശബ്ദരേഖയോട് അതിരൂക്ഷമായി തന്നെ പ്രതികരണവുമായി അടൂർ പ്രകാശും എത്തി.

ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാർട്ടി പ്രവർത്തകരും എംപി എന്ന നിലയിൽ വിളിക്കാറുണ്ട്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് താൻ ആരെയും വിളിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇപി ജയരാജനും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അതിന്റെ തെളിവുകൾ കൈയിലുണ്ടെങ്കിൽ തെളിയിക്കട്ടെ. അതിനുള്ള എല്ലാം സംവിധാനവും അവർക്കുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. കൊലക്കേസിൽ ഒരു സിഐടിയുക്കാരനുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും പ്രകാശ് പറഞ്ഞു.

മണ്ഡലത്തിലെ പ്രവർത്തകർ പലരും വിളിക്കും. ഇതിൽ പൊലീസ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാണും. കേസുകളിൽ പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് പറഞ്ഞാൽ ഇടപെടുമെന്ന് പറയും. അതാണ് തന്റെ പ്രവർത്തന രീതി. നീതി ഉറപ്പിക്കാൻ അവർക്കൊപ്പം നിന്നിട്ടുമുണ്ടാകും. ഇവിടേയും ആരെങ്കിലും അന്ന് വിളിച്ചെങ്കിൽ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. അതിനെ ഈ കൊലപാതകവുമായി ബന്ധപ്പെടുത്തുന്നത് കേസിലെ സിഐടിയു ബന്ധത്തെ പൊളിക്കാനാണെന്ന് അടൂർ പ്രകാശ് പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ആദ്യം വിളിച്ചത് കോൺഗ്രസ് എംപി അടൂർ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികൾ അറിയിച്ചതായുള്ള വാർത്തകൾ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം അടൂർ പ്രകാശ് നിഷേധിച്ചു. കൊല നടത്തിയ ശേഷം ഇവർ ആദ്യം വിളിച്ചത് എംപി അടൂർ പ്രകാശിനെയാണ്. ഇതിലൂടെ ഈ കൊലപാതകം ആസൂത്രിതമാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തിരവോണനാളിൽ കൊലനടത്തി രക്തപ്പൂക്കളമാണ് കോൺഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോൺഗ്രസുകാർ തന്നെയാണ്. ഇവർക്ക് കോൺഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞിരുന്നു.

ഈ ആരോപണമാണ് അടൂർ പ്രകാശ് നിഷേധിക്കുന്നത്. വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് എംപി അടൂർ പ്രകാശ് പറയുന്നു. വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്. അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.