തിരുവനന്തപുരം: യുഎപിഎ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായിട്ട് ഒരു വർഷം പിന്നിട്ടിരിക്കയാണ്. കരുതൽ തടങ്കലിൽ സൂക്ഷിച്ച കാപ്പനെ ഇതുവരെ ജാമ്യം അനുവദിച്ചു പുറത്തുവിട്ടിട്ടില്ല. വൈദ്യസഹായം നൽകണമെന്ന സുപ്രീംകോടതി ഉത്തരവും ലംഘിക്കപ്പെട്ടു എന്നാണ് മാധ്യമപ്രവർത്തകർ പറയുന്നത്. വൈദ്യസഹായവും ചികിത്സയും നിഷേധിക്കുന്നതിനെതിരേ കോടതിയലക്ഷ്യ ഹർജിയും നല്കി കഴിഞ്ഞു.

ജയിലിൽ ഒരു വർഷം പൂർത്തിയാക്കിയ സിദ്ദിഖ് കാപ്പന് പിന്തുണ അർപ്പിച്ചു കൊണ്ട് രംഗത്തുവന്നവരിൽ രാഹുൽ ഈശ്വറും ഉണ്ടായിരുന്നു. കോടതികളിലെ ബ്രാഹ്മണരും സവർണരുമായ ജഡ്ജിമാർ കാപ്പനോട് കരുണ കാണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ നിലപാടിനെ പരസ്യമായി വിമർശിച്ച് അഭിഭാഷകനായ അഡ്വ. കൃഷ്ണരാജ് രംഗത്തുവന്നു.

കാപ്പനെ പിന്തുണച്ച രാഹുൽ ഈശ്വർ മതം മാറി ഇസ്ലാമായി കഴിയണം എന്നാണ് തുറന്നകത്തിൽ അഡ്വ കൃഷ്ണരാജ് പറയുന്നത്. ഹൈന്ദവ സമാജത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് രാഹുൽ പ്രവർത്തിക്കുന്നതെന്നാണ് അഭിഭാഷകന്റെ കുറ്റപ്പെടുത്തൽ. നീതിന്യായ കോടതികളിലെ 'സവർണ്ണ/ ബ്രാഹ്മണ' ജഡ്ജിമാർ സാധു 'മുസ്ലിം' ആയ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്നുള്ള അങ്ങയുടെ അഭ്യർത്ഥന സാധാരണ ഗതിയിൽ പിതൃ ശൂന്യർ നടത്തുന്ന ഒരു ഏർപ്പാട് ആയിപ്പോയി എന്ന് പറയാതെ വയ്യെന്നും അദ്ദേഹം വിമർശിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കി പ്രവർത്തിക്കുന്നതല്ലെന്നും കൃഷ്ണരാജ് ഫേസ്‌ബുക്കിൽ കുറിക്കുന്നു.

രാഹുൽ ഈശ്വറിന് ഒരു തുറന്ന കത്ത് ഇങ്ങനെ:

'പ്രിയ' രാഹുൽ ഈശ്വർ എന്ന് അങ്ങയെ അഭിസംബോധന ചെയ്യണം എന്നാണ് വിചാരിച്ചത്. പക്ഷേ അത് ഞാൻ എന്നോട് ചെയ്യുന്ന ഒരു തെമ്മാടിത്തരം ആയിരിക്കും എന്നതിനാൽ 'മിസ്റ്റർ' രാഹുൽ ഈശ്വർ എന്നാക്കുന്നു. ശബരിമല വിഷയം മുതലാണ് അങ്ങു എന്റെ ശ്രദ്ധയിൽ പെട്ടത്. അതിന് ശേഷം ജയിലിലും അതിന്റെ ഭാഗമായി കോടതിയിലും മെഡിക്കൽ കോളേജിലും അങ്ങു നടത്തിയ ചില പ്രകടനങ്ങൾ പലരേ പോലെ തന്നെ എന്നിലും ചില സംശയങ്ങൾ ഉണർത്തിയെങ്കിലും ഹൈന്ദവ സമാജത്തിന്റെ വിശാലമായ താൽപ്പര്യം കണക്കിലെടുത്ത് ഞാൻ അത് അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങയുടെ ശബരിമല വിഷയത്തിലെ നിയമ/സാമൂഹിക മാധ്യമ പോരാട്ടങ്ങളിൽ അങ്ങേക്ക് വൻ തുകകൾ തന്ന് സഹായിച്ച വിദേശ രാജ്യങ്ങളിലെ ഹിന്ദു സമൂഹം പല അഹിതങ്ങളായ കാര്യങ്ങൾ എന്നോട് പറഞ്ഞെങ്കിലും അതും ഞാൻ അവഗണിക്കുകയായിരുന്നു. അതിന് ശേഷം പല വിഷയങ്ങളിലും അങ്ങു ഹൈന്ദവ സമാജത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടു കണ്ടപ്പോഴും ഇസ്ലാമിക മൗലിക/ തീവ്രവാദികളുമായി അടുപ്പം പുലർത്തി കണ്ടപ്പോഴും പ്രതികരിക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം.

പക്ഷേ ഒരു സമ്പൂർണ്ണ ജിഹാദിയായ സിദ്ദിഖ് കാപ്പന് വേണ്ടി ഇന്ന് കേണു കരഞ്ഞു കൊണ്ട് ഉള്ള അങ്ങയുടെ ഒരു ട്വീറ്റ് കണ്ടപ്പോൾ പ്രതികരിക്കാതെ ഇരിക്കുന്നത് ഹൈന്ദവരോട് പ്രത്യേകിച്ചു താഴമൺ തന്ത്രി കുടുംബത്തോട് ചെയ്യുന്ന ഒരു വലിയ അപരാധം ആണെന്ന് തോന്നിയതുകൊണ്ടാണ് ഈ തുറന്ന കത്ത്. നമ്മൾ ഒന്നോ രണ്ടോ തവണ നേരിട്ടും അതുപോലെ ഫോണിലും സംസാരിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അങ്ങയോട് നേരിട്ട് സംസാരിക്കുന്നത് എന്റെ നിലവരത്തിന് ചേർന്നതല്ല എന്നതുകൊണ്ടും ഹൈന്ദവർ ഒന്നടങ്കം ഇത് അറിയണം എന്നതുകൊണ്ടുമാണ് ഈ തുറന്ന കത്ത്.

ഇനി കാര്യത്തിലേക്ക് കടക്കാം. സിദ്ദിഖ് കാപ്പൻ UAPA ചാർത്തപ്പെട്ടു അകത്തു കിടക്കുന്ന ഒരു ജിഹാദിയാണ് എന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ. ആയിരക്കണക്കിന് പേജ് വരുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ അതിഗൗരവമായ കുറ്റങ്ങൾ ചാർത്തിയ കുറ്റപത്രമാണ് ആ ജിഹാദിക്ക് എതിരെ പൊലീസ് സമർപ്പിച്ചത് എന്നും രാജ്യത്തെ എല്ലാവർക്കും അറിയാം. കാപ്പൻ എന്ന ജിഹാദിയെ മോചിപ്പിക്കാൻ KUWJ എന്ന സംഘടനയും കൂട്ടാളികളും സുപ്രീം കോടതി മുതൽ ഹൈക്കോടതി മുതൽ സെഷൻസ് കോടതി മുതൽ മജിസ്ട്രേറ്റ് കോടതി വരെ കഴിഞ്ഞ ഒരു വർഷമായി തലകുത്തി മറിഞ്ഞിട്ടും നടക്കാതെ പോയത് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയ കാര്യങ്ങളുടെ ഗൗരവസ്വഭാവം കൊണ്ടാണ് എന്ന് അങ്ങേക്ക് അറിയാത്തതല്ല.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ഇന്ന് അങ്ങയുടെ ട്വീറ്റിൽ പ്രതിപാദിക്കുന്ന കാര്യത്തെ ഒറ്റ വാക്കിൽ പറഞ്ഞാൽ 'തെമ്മാടിത്തരം' എന്നു മാത്രമേ ഏറ്റവും സഭ്യമായ ഭാഷയിൽ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. നീതിന്യായ കോടതികളിലെ 'സവർണ്ണ/ ബ്രാഹ്മണ' ജഡ്ജിമാർ സാധു 'മുസ്ലിം' ആയ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്നുള്ള അങ്ങയുടെ അഭ്യർത്ഥന സാധാരണ ഗതിയിൽ പിതൃ ശൂന്യർ നടത്തുന്ന ഒരു ഏർപ്പാട് ആയിപ്പോയി എന്ന് പറയാതെ വയ്യ. കഴിഞ്ഞ 32 വർഷങ്ങൾ ആയി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കി പ്രവർത്തുക്കുന്ന ഒരു സമ്പ്രദായം അല്ല എന്ന് അങ്ങയെ ഓർമ്മിപ്പിക്കുന്നു.

അങ്ങയുടെ അപലപനീയവും നിരുത്തരവാദപരവുമായ ഈ പ്രസ്താവന തികച്ചും അപകടകരവും ഗുരുതരമായ കോടതിയലക്ഷ്യവും ആണെന്ന് ഈ തരുണത്തിൽ ഞാൻ അങ്ങയെ ഓർമ്മപ്പെടുത്തുന്നു. ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെയും പോരാടുക എന്നുള്ളത് ഒരു പൗരൻ എന്നതിനെക്കാൾ ഉപരി ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യാൻ താത്പര്യപ്പെടുന്ന ആരെങ്കിലും മുന്നോട്ട് വന്നാൽ തീർച്ചയായും താങ്കൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ ഞാൻ ബാധ്യസ്ഥനാവും എന്നും അങ്ങയെ അറിയിച്ചു കൊള്ളുന്നു.

അങ്ങയുടെ പിതാവ് ആറ്റിങ്ങൽ തോട്ടക്കാട്ട് പെരിയമന വാധ്യാർ മഠത്തിലെ അംഗം ആയതിനാൽ അങ്ങു താഴമൺ തന്ത്രി കുടുംബാംഗം അല്ലെങ്കിലും പൊതു സമൂഹ മധ്യേ അങ്ങയെ തന്ത്രി കുടുംബത്തിന്റെ ഭാഗമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. അത് ഇന്നേ തീയതി വരെ അങ്ങു നിഷേധിച്ചു കണ്ടിട്ടില്ല. ആയതിനാൽ അങ്ങേക്ക് ജിഹാദികളോടുള്ള വിധേയത്വവും അടിമത്വവും ഹൈന്ദവ സമാജത്തിനും വിശേഷിച്ചു തന്ത്രി കുടുംബത്തിനും ഒരു തീരാ കളങ്കം ആയി മാറി എന്നുള്ള സത്യം അങ്ങു തിരിച്ചറിയണം. ആയതിനാൽ അങ്ങു ദയവായി ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഒരു ഉത്തമ ഇസ്ലാമായി ശിഷ്ടകാലം ജീവിക്കാൻ തീരുമാനിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് നക്കാപ്പിച്ചക്ക് വേണ്ടി സ്വാഭിമാനം പണയം വെക്കാത്ത ഒരു ഹിന്ദു.

അഡ്വ. കൃഷ്ണരാജ് ഇസ്ലാമോഫോബിയ മാറ്റണമെന്ന് രാഹുൽ ഈശ്വർ

അതേസമയം അഡ്വ. അഡ്വ. കൃഷ്ണരാജ് ഇസ്ലാമോഫോബിയ മാറ്റണമെന്ന് രാഹുൽ ഈശ്വർ തുറന്ന കത്തിനോട് പ്രതികരിച്ചത്. ഇസ്ലാമോഫോബിയ കാരണമാണ് അഡ്വ. കൃഷ്ണരാജ് അങ്ങനെ പറഞ്ഞതെന്നാണ് താൻ കരുതുന്നതെന്നും രാഹുൽ പറഞ്ഞു. അദ്ദേഹം ഹൈന്ദവ വിഷയങ്ങൽ ഏറ്റെടുത്ത് ഫൈറ്റ് ചെയ്യുന്ന വ്യക്തിയാണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ഇസ്ലാമോഫോബിയ കാരണമാണ് അഡ്വ, കൃഷ്ണരാജ് തനിക്കെതിരെ പറഞ്ഞതെന്നാണ് കരുതുന്നതെന്ന് രാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇസ്ലാമോഫോബിയ കാരണമാണ് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചിട്ടത്. മൂന്ന്, നമ്മുടെ നാട്ടിൽ നീതി പുലരേണ്ടതുണ്ട്. സിദ്ദിഖ് കാപ്പനെതിരെ നടപടി എടുത്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. സമുദായ കലാപം ഉണ്ടാക്കാൻ പോയി എന്നു പറഞ്ഞാണ് യുപി പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തു എന്നു പറഞ്ഞിട്ടില്ല. ഇത് നിയമവിരുദ്ധമാണ്. കൊമേഡിയിൽ മുനവർ ഫാരൂഖി കേസിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തത് കോമഡി പറയാൻ പോയി എന്ന കുറ്റത്തിലായിരുന്നു. ഇന്ത്യയിൽ എന്നെല്ല ലോകത്ത് ഒരിടത്തും അങ്ങനെ ഒരു നിയമം ഇല്ലെന്ന രാഹുൽ ഈശ്വർ പറഞ്ഞു.

കൃഷ്ണരാജ് ഹൈന്ദവരിലെ പിന്നോക്കക്കാർക്ക് വേണ്ടി പോരാടുന്നതിന് ഒപ്പം ഇസ്ലാമോഫോബിയ ഒഴിവാക്കുകയും വേണം. കാരണം ഹിന്ദുക്കളും ഇസ്ലാം മത വിശ്വാസികളും ക്രിസ്ത്യാനികളും, സിഖുകാരും എല്ലാവരും ചേർന്നതാണ് ഇന്ത്യ. ഇസ്ലാമോഫോബിയ കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. വാവർ ഇല്ലാതെ അയ്യപ്പന്റെ കണ്ടാൽ പൂർത്തിയാകില്ലെന്നാണ് പറയാറ്. അതുപോലെ എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കണം- രാഹുൽ ഈശ്വർ പറഞ്ഞു.