ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കും. കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും മുൻഗണന നൽകുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അതേ സമയം കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. താലിബാൻ അഫ്ഗാനിസ്ഥാനിൽ മുന്നേറും മുൻപേ തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.

കാബൂളിലെ ഇന്ത്യൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരും ഐടിബിപി സൈനികരും അടക്കം ഇരുന്നൂറോളം പേർ ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടു വരാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു. അതിൽ ഒരു വിമാനം അൽപസമയം മുൻപ് ഡൽഹിയിൽ തിരിച്ചെത്തി. ഇന്ത്യൻ എംബസിയിലുള്ള ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനവും ഉടൻ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ രാജ്യം വിടാനായി തിക്കിതിരക്കുകയായിരുന്നു. ഇവരെ പിന്നീട് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ സൈനിക വിമാനങ്ങൾ തങ്ങളുടെ എംബസി ഉദ്യോഗസ്ഥർ അടക്കമുള്ളവരെ തിരികെ കൊണ്ടു വരാനായി കാബൂളിൽ ഇറങ്ങി. വിമാനങ്ങളിൽ തൂങ്ങിപിടിച്ചും മറ്റു കാബൂളിൽ നിന്നും രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമത്തിനിടെ ഏഴ് പേർ മരിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.

അഫ്ഗാനിസ്താനിലെ സാഹചര്യം വഷളായതോടെ അവിടുത്തെ സിഖ്, ഹിന്ദു വിഭാഗങ്ങളിലെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യങ്ങൾ ഒരുക്കും. പരസ്പര വികസനം, വിദ്യഭ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മുടെ പങ്കാളികളായ നിരവധി അഫ്ഗാനികളുണ്ട്. രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും ബാഗ്ചി വ്യക്തമാക്കി.

അഫ്ഗാനിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസ് നിർത്തിവെച്ചതാണ് ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടിയെ തടസപ്പെടുത്തിയത്. സർവീസ് പുനഃസ്ഥാപിക്കുന്നതോടെ ഒഴിപ്പിക്കൽ നടപടി പുനഃരാരംഭിക്കും. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അടിയന്തര സഹായത്തിന് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടാനുള്ള നമ്പർ നൽകിയിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു.

എംബസി ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ 200ലേറെ ഇന്ത്യക്കാർ കാബൂളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യൻ സംഘവുമായുള്ള വിമാനം ഡൽഹിയിലെത്തുമെന്നാണ് സൂചന.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ പരിഭ്രാന്തരായ ജനങ്ങൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരന്നു. തിക്കുംതിരക്കും നിയന്ത്രിക്കാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനുപിന്നാലെയാണ് കാബൂൾ വ്യോമപാത അടച്ചത്.