താഷ്‌കന്റ്: അഫ്ഗാൻ സൈനിക വിമാനം ഉസ്ബക്കിസ്താനിൽ തകർന്നുവീണതായി റിപ്പോർട്ട്. ഉസ്ബക്കിസ്താൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരത്തോടെ ഉസ്ബക്കിസ്താന്റെ തെക്കൻ പ്രവിശ്യയായ സുർക്കോൺഡറിയോയിൽ ആണ് വിമാനം വീണത്. വിമാനം തകരുന്നതിനു മുൻപ് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

ഉസ്ബക്കിസ്താന്റെ വ്യോമാതിർത്തിയിൽ അനുമതിയില്ലാതെ പറന്ന വിമാനമാണ് തകർന്നുവീണതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബഖ്റോം സുൽഫിക്കറോവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

സുർക്കോൺഡറിയോയിലെ ഒരു ആശുപത്രിയിൽ അഫ്ഗാൻ സൈനിക യൂണിഫോം ധരിച്ച രണ്ടുപേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു.