കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ യുഎൻ സുരക്ഷാ കൗൺസിലിൽ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിക്കുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

അതേ സമയം താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെ ഭീകര സംഘടനയെ അനുകൂലിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്തെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇപ്പോൾ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്ന് ഇമ്രാൻഖാൻ പറഞ്ഞു.അഫ്ഗാൻ ജനതയെ തുടർച്ചയായ സംഘർഷത്തിലേക്ക് തള്ളിവിടാതെ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കിതാലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും വ്യക്തമാക്കി. . താലിബാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രതിനിധിയായ സമീർ കാബുലോവ് നേരത്തെ വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാൻ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചർച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യുഎൻ പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാൻ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാൻ അംബാസഡർ യോഗത്തിൽ പറഞ്ഞു

അഫ്ഗാനിസ്ഥാൻ ഹമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എയർപോർട്ട് നിയന്ത്രണം പൂർണ്ണമായും യുഎസ് സേന ഏറ്റെടുക്കും ഇതിന് ശേഷമായിരിക്കും പ്രവർത്തനം പുനരാരംഭിക്കുക. കാബൂൾ വിമാനത്താവളത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നാണ് അമേരിക്കയുടെ അറിയിപ്പ്.

അഫ്ഗാൻ വ്യോമമേഖല പൂർണ്ണമായി അടച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങൾ ഇപ്പോൾ അഫ്ഗാന്റെ ആകാശം ഒഴിവാക്കി പറക്കുന്നു. അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോഴും കാബൂളിൽ ഉണ്ട്.

അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറയുന്നത്. 20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അഫ്ഗാൻ വീണ്ടും താലിബാൻ ഭരണത്തിലേക്ക് വരുന്നത്.

അതേ സമയം രാജ്യത്ത് രക്തരൂക്ഷിത കലാപം അഴിച്ചുവിടുന്നതിനും അഷ്‌റഫ് ഗനി ഭരണകൂടത്തെ അട്ടിമറിക്കുന്നതിനും പാക്കിസ്ഥാനും ചൈനയും താലിബാന് പിന്തുണ നൽകിയിരുന്നുവെന്ന വാദം ശക്തമായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈന്യത്തെ തകർക്കാൻ തക്ക വണ്ണം ആയുുധങ്ങൾ താലിബാന് എവിടെ നിന്ന് ലഭിച്ചുവെന്ന് എന്നതിൽ ലോകം സംശയം പ്രകടിപ്പിച്ചിരുന്നു.

അറബ് രാജ്യങ്ങളാണ് താലിബാന് പിന്തുണ നൽകിയിരുന്നത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. അമേരിക്കയുടെ ബോംബർ വിമാനങ്ങളെ നേരിടാൻ മിസൈലുകളും അത്യാധുനിക ആയുധങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് താലിബാൻ വക്താക്കൾ കഴിഞ്ഞ മാസങ്ങളിൽ ചൈന സന്ദർശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ചൈന ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

അമേരിക്കയുടെ വ്യോമ യുദ്ധത്തെ പ്രതിരോധിക്കാൻ വേണ്ട സഹായ സംവിധാനങ്ങൾ തേടിയാണ് താലിബാൻ പ്രതിനിധി സംഘം ചൈന സന്ദർശിച്ചത്.ജൂലായ് 28ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഒൻപതംഗ താലിബാൻ സംഘവുമായി കൂടിക്കാഴ്ച നടത്തി. സംഘത്തിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനിയും ഉണ്ടായിരുന്നു. .അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായും വിട്ടുപോകുന്നതിന് മുൻപ് ചൈനയിൽ നിന്ന് ഇടത്തരം റേഞ്ചുള്ള സർഫസ്-ടു-എയർ മിസൈലുകൾ (എസ്എഎം) ലഭ്യമാക്കാൻ താലിബാൻ ശ്രമിച്ചിരുന്നു.

ടിയാൻജിനിൽ നടന്ന പ്രതിനിധി കൂടിക്കാഴ്ചയിൽ അത്യാധുനിക ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ചർച്ചയ്ക്ക് ശേഷം ചൈന താലിബാന് ആയുധങ്ങൾ നൽകിയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അമേരിക്കയുടെ ആധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ തകർക്കാനും ബി -52 ബോംബറുകളുടെ റഡാർ തടസ്സപ്പെടുത്താനും ശേഷിയുള്ള മിസൈലുകളും മറ്റു സംവിധാനങ്ങളും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക്ക് ഐ.എസ്‌ഐ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഭാവിയിൽ ഇത്തരം നീക്കം ഇന്ത്യക്കും ഭീഷണിയായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യംവിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി അമേരിക്കയിലേക്ക് പോയതായാണ് റിപ്പോർട്ട്. അയൽരാജ്യമായ താജികിസ്താനിലേക്ക് ഗനി പോയെങ്കിലും അവിടെ താങ്ങാൻ അനുമതി കിട്ടിയില്ല. തുടർന്നാണ് ഒമാൻ വഴി അമേരിക്കയിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ.