കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരത തിരികെ എത്തുമ്പോൾ മാനവരാശി വെറുതേ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. ഭീകരവാദികൾ പതിനാറാം നൂറ്റാണ്ടിലേക്കണ് അഫ്ഗാനിസ്ഥാനെ തിരികെ കൊണ്ടു പോക്കുന്നത്. താലിബാൻ അധികാരം പിടിക്കുമ്പോൾ ആദ്യം ഇരകളാക്കപ്പെടുന്നത് യുവതികളും പെൺകുട്ടികളും അടക്കമുള്ളവരാണ്. ഭീകരവാദികൾക്ക് ലൈംഗിക അടിമകളാക്കാൻ വേണ്ടി യുവതികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ അഫ്ഗാനിൽ പതിവായിരിക്കയാണ്.

അധികാര കേന്ദ്രങ്ങളിൽ സ്ത്രീകളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് താലിബാൻ ഭീകരർ. ഒരു മാതിവിന്റെ കണ്ണു ചൂഴ്‌ന്നെടുത്തു രണ്ടു യുവതികളെ ലൈംഗിക അടിമകളാക്കാൻ തട്ടിക്കൊണ്ടു പോയ സംഭവവും പുറത്തുവന്നു. അഫ്ഗാൻ വനിതാ എംപിക്ക് നേരെയും ഭീകരാക്രമണമുണ്ടായി. ഷുക്കിറിയ ബർസാക്കിക്ക് നേരെയുണ്ടായത് ചാവേർ ബോംബാക്രമണമാണ്. ഇവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സ്ത്രീശാക്തീകാരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തിയ വ്യക്തിത്വമായിരുന്നു ഷുക്കിറിയയുടെയേത്. അതുകൊണ്ടു കൂടിയാണ് ഇവർക്കു നേരെ താലിബാൻ ആക്രമണം കടുപ്പിക്കുന്നത്.

ഒരു സ്ഥലം പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് താലിബാൻ ആവശ്യപ്പെടുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഭീകരർക്കു യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. സ്ത്രീകളെയും പെൺകുട്ടികളെയും എവിടെ ഒളിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അഫ്ഗാനിലെ പല പ്രദേശങ്ങളും. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നടക്കം സ്ത്രീകളെയും പെൺകുട്ടികളെയും മറ്റു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

നിരവധി സ്ത്രീകളെ നിർബന്ധിച്ച് ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. സ്ത്രീകൾ ബുർഖ ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നും കൂടെ ഭർത്താവോ പിതാവോ ഉണ്ടായിരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു. പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പേരും വയസ്സും ഭീകരരെ അറിയിക്കണം. ഇതിനു തയാറാകാതെ ചെറുത്തുനിന്ന പുരുഷന്മാരെ ഭീകരർ മർദിച്ചു. അലമാരകളിലെ വസ്ത്രങ്ങളും മറ്റും പരിശോധിച്ചാണ് സ്ത്രീകളുടെ വയസ്സ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. കാറിലും കാളവണ്ടിയിലും നടന്നും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുന്ന കുടുംബങ്ങളും നിരവധിയാണ്.

സൈഗാൻ പ്രവിശ്യയിലെ മുഴുവൻ സ്ത്രീകളെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇത്തരത്തിൽ മാറ്റുന്നതിൽ പ്രഥമപരിഗണന യുവതികൾക്കും പെൺകുട്ടികൾക്കുമാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നത് ക്രൂരമായ പ്രതികാരമാണ് തീവ്രവാദികളുടേത്. ഒരു സ്ഥലം പിടിച്ചെടുത്താൽ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ തത്വമെന്ന് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രഫസർ ഒമർ സദർ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാൻ പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിൽ അഫ്ഗാൻ പൂർണമായും താലിബാന്റെ പിടിയിലാകുമെന്നാണ് സൂചന. താലിബാൻ പിടിമുറിക്കിയതോടെ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. സ്ത്രീകൾ ജോലിക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിൽ ആയിരുന്ന 1996-2001 കാലഘട്ടത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം കാണ്ഡഹാറിൽ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കിൽ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒൻപത് വനിതാ ജീവനക്കാരെ അവരുടെ വീടുകളിൽ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരിൽ മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികൾ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു. പലയിടത്തും സ്ത്രീകളെ ജോലികളിൽ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകൾ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.

താലിബാൻ അധീനതയിലുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ ബാങ്കിൽ ജോലിചെയ്യാൻ അനുവദിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇസ്ലാമിക രീതികൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ഇസ്ലാമിക നിയമപ്രകാരം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു. എന്നാൽ ബാങ്കിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്താൽ രണ്ട് പതിറ്റാണ്ടായി സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം പലതും നഷ്ടമാകുമെന്നാണ് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് നഷ്ടമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.