ന്യൂഡൽഹി: പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഭീകരവാദത്തെ ഉപയോഗിക്കുന്നുവെന്നും ജയശങ്കർ കുറ്റപ്പെടുത്തി.

യുദ്ധങ്ങൾ തകർത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ അവർക്കത് തിരിച്ചറിയാനാകുമെന്നും ജയശങ്കർ പറഞ്ഞു.

'ഇന്ത്യ തങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാം. നമ്മൾ എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അവർക്കറിയാം. അതേ സമയത്ത് പാക്കിസ്ഥാൻ അവർക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അവർക്ക് ഓർമയുണ്ടാകും'- ജയശങ്കർ പറഞ്ഞു.

താലിബാൻ അധികാരത്തിലെത്തുന്നതിന് മുൻപ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ നിലനിന്നിരുന്നു. 2019-20 കാലയളവിൽ മാത്രം ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണ്. അഫ്ഗാനിസ്താനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങൾ ഇന്ത്യ ചെയ്തുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി,

'എല്ലാവർക്കും തങ്ങളുടെ അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം'- പാക്കിസ്ഥാനോടുള്ള വിമർശനമായി ജയശങ്കർ പറഞ്ഞു. ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.