ന്യൂഡൽഹി: എ.ഐ.സി.സി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന. പദവിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയോട് സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, ഉമ്മൻ ചാണ്ടിയെ ആന്ധ്ര പ്രദേശിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്. 77കാരനായ ഉമ്മൻ ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

2018ൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മൻ ചാണ്ടിക്ക് അവിടെ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹൈക്കമാൻഡ് നൽകിയ പദവിയാണെങ്കിലും കേരളത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ കൂടുതൽ സമയ പ്രവർത്തന മേഖല. നേരത്തെ രമേശ് ചെന്നിത്തല എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇപ്പോൾ മുല്ലപ്പള്ളിക്കാണ് ഹൈക്കമാൻഡ് കൂടുതൽ മുൻഗണന നൽകുന്നത്.

ഡി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച് ഗ്രൂപുകൾക്കിടയിൽ അതൃപ്തിയുണ്ടായപ്പോഴും മുല്ലപ്പള്ളി പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. ഇതാണ് മുല്ലപ്പള്ളിക്ക് തുണയായത്. നേരത്തെ എഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് മുൻകേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. പുതിയ നേതൃത്വത്തിനെതിരെ എ,ഐ ഗ്രൂപുകളുടെ ഐക്യവും രൂപപ്പെട്ടിരുന്നു. ഇത് ഹൈക്കമാൻഡിന് കടുത്ത നീരസമുണ്ടാക്കിയെന്നാണ്

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തല പരസ്യമായി തന്നെ തുറന്നുപറഞ്ഞിരുന്നു. ഇത് ഹൈക്കമാൻഡിന് കടുത്ത നീരസമുണ്ടാക്കിയതായാണ് അറിയാൻ കഴിയുന്നത്. അതേസമയം എഐസിസിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ടെന്നും പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാൻ പോകുന്നുവെന്ന വാർത്ത നൽകി അപമാനിക്കരുത്. കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്‌നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം പുതിയ നേതൃത്വത്തിനു കീഴിൽ അടിമുടി മാറാനൊരുങ്ങുകായണ് കോൺഗ്രസ്. ഇതിനായി പുതിയ മാർഗരേഖയും അവതരിപ്പിച്ചു. പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും. വ്യക്തിപരമായി ആരും ഫ്‌ളെക്‌സ് ബോർഡുകൾ വയ്ക്കരുത്, സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇതിനൊപ്പം തർക്കങ്ങൾ തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കാനുള്ള നിർദ്ദേശവും മാർഗ രേഖയിലുണ്ട്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്.

നാട്ടിലെ പൊതു പ്രശ്‌നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം, വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്, ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും, നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധം, ഡിസിസി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം, ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തും തുടങ്ങിയ നിർദ്ദേശങ്ങളും മാർഗരേഖയിലുണ്ട്.

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനുവേണ്ടിയുള്ള പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡിസിസി അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ പ്രശ്‌നങ്ങൾ നേതൃത്വം അടുത്തിടെ രമ്യമായി പരിഹരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തിയ ചില നേതാക്കൾക്കെതിരെ ഇതുവരെയില്ലാത്തവിധത്തിൽ കടുത്ത അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.