കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ, ചലച്ചിത്ര പ്രവർത്തക ഐ സുൽത്താനക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം. ഐഷ ദ്വീപു നിവാസി അല്ലെന്നും ബംഗ്ലാദേശിയാണെന്നും ലഹോറിലാണ് പഠിച്ചതെന്നും പ്രചരിപ്പിച്ചു കൊണ്ടുള്ള വ്യാജ ബയോഡാറ്റയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

ഇന്റർനെറ്റിൽ ഒന്നിലേറെ വെബ്‌സൈറ്റുകളിൽ ഐഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലാദേശിൽ ജനിച്ച് ലഹോറിൽ പഠനം നടത്തി കേരളത്തിൽ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ഒരു കൂട്ടർ പ്രചരിപ്പിക്കുന്നത്. നാലു ദിവസം മുമ്പു മാത്രം നിർമ്മിച്ച ഈ പ്രൊഫൈലുകളുടെ സ്‌ക്രീൻ ഷോട്ടെടുത്ത് വാട്‌സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചാണ് ഐഷക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

1984ൽ ബംഗ്ലാദേശിലെ ജെസ്സോറിൽ ജനിച്ച ഐഷ 2008ൽ ലഹോറിലുള്ള ബീക്കൺഹൗസ് നാഷനൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് കലാ പഠനത്തിൽ പിജി ഡിപ്ലോമ നേടിയെന്നാണ് വ്യാജപ്രചരണ വെബ്‌സൈറ്റിലുള്ളത്. ബയോഗ്രഫി ഡേറ്റ ഡോട്ട് ഓർഗ് എന്ന വെബ്‌സൈറ്റിൽ വിശദമായ ബയോഡേറ്റ എന്ന നിലയിൽ ഇതേ കാര്യങ്ങൾതന്നെ ഉൾപ്പെടുത്തിയുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ജെസ്സോറിൽ ജനിച്ച ഇവരുടെ മാതൃഭാഷ തുളുവാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അവിടെത്തന്നെ ഹൈസ്‌കൂൾ വരെയുള്ള പഠനം പൂർത്തിയാക്കിയെന്നും ഉന്നത പഠനം ബീക്കൺ യൂണിവേഴ്‌സിറ്റിയിലായിരുന്നെന്നും പറയുന്നു. ഇവരുടെ സമൂഹമാധ്യമ പേജുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വ്യാജ പ്രൊഫൈലുകളുടെ നിർമ്മാണം.

അതേസമയം തനിക്കെതിരായ പ്രചരണണങ്ങൾ തള്ളിക്കൊണ്ട് ഐഷയും രംഗത്തുവന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പ്രശസ്തമായ ഡയലോഗ് കുറിച്ചുകൊണ്ടാണ് ഐഷയുടെ പോസ്റ്റ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഐഷ രംഗത്തുവന്നത്. 'താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും... . ചിലർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാൻ... കഷ്ടം'. ഐഷ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ലക്ഷദ്വീപിലെ ചെത്‌ലാത്ത് ദ്വീപിൽ ജനിച്ചു വളർന്ന മാതാപിതാക്കളുടെ മകളാണ് താനെന്നാണ് ഐഷ വ്യക്തമാക്കുന്നത്. ഉമ്മയുടെ പിതാവ് ചെത്ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്‌ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളർന്നത്. ഉപ്പ മിനിക്കോയി ദ്വീപിൽ സർക്കാർ ജോലിക്കാരനായിരുന്നതിനാൽ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ഹൈസ്‌കൂൾ പഠനം ചെത്‌ലാത്തിൽ തന്നെയായിരുന്നു. പ്ലസ്‌വണ്ണും പ്ലസ്ടുവും പഠിച്ചത് കടമത്ത് ദ്വീപിലായിരുന്നു. പ്ലസ്ടു പഠനം പൂർത്തിയാക്കിയത് കോഴിക്കോടായിരുന്നു. ബിഎ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തുന്നത്. തുടർന്നാണ് സിനിമാ രംഗത്തേക്ക് എത്തിയതതെന്നും ഐഷ വ്യക്തമാക്കി.

ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് സിനിമാ രംഗത്തു സജീവമായ ഐഷ സുൽത്താന മാധ്യമശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് ടിവി ചർച്ചകളിലും സജീവമായി. ഇതിനിടെ ഒരു ചാനൽ ചർച്ചയിൽ നടത്തിയ ബയോ വെപ്പൺ പരാമർശത്തിലാണ് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്ത. ഈ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. കേസ് വ്യാഴാഴ്‌ച്ചയാണ് കോടതി പരിഗണിക്കുന്നത്.