കൊച്ചി: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പ്രാരംഭ ഘട്ടത്തിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് സ്വദേശിയായ ആയിഷ സുൽത്താന കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ഹർജിയെ എതിർത്ത ലക്ഷദ്വീപ് ഭരണകൂടം, ഹർജി തള്ളണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ആയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട്, രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.