കൊച്ചി: വിവാദമായ പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും ജാമ്യം. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അലനും താഹക്കും ജാമ്യം അനുവദിച്ചത്. പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിക്കുന്നത്. വിയ്യൂർ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല എന്നും എല്ലാ മാസവും സ്‌റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർശേദമുണ്ട്.

വിയ്യൂർ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് താഹയുടെ ഉമ്മ പ്രതികരിച്ചു. അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തയത് കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അലനും താഹയും സിപിഎം പ്രവർത്തകരല്ല, മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സിപിഎം പ്രവർത്തകരായ ഇവരെ പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു. ജനുവരിയിൽ എറണാകുളം പ്രത്യേക എൻ.ഐ.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ 'ഞങ്ങൾ മാവോവാദികളെങ്കിൽ മുഖ്യമന്ത്രി തെളിവ് തരൂ'വെന്ന് അലനും താഹയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് പോലും സിപിഎമ്മിനുവേണ്ടി പ്രവർത്തിച്ചവരാണെന്നും ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും കോടതിയിൽനിന്ന് പുറത്തിറങ്ങവെ ഇരുവരും പറഞ്ഞിരുന്നു.

കേസിൽ കാര്യമായ തെളിവുകളൊന്നും ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിരുന്നില്ല. താഹയുടെ വീട്ടിൽനിന്ന് പിടികൂടിയതെന്ന് പറയുന്ന കുറച്ച് പോസ്റ്ററുകളും ലഘുലേഖകളും മാത്രമാണ് ഇപ്പോഴും ഇവർക്കെതിരെ ആകെയുള്ള തെളിവായി ചൂണ്ടിക്കാട്ടിയത്. ഇത് കേസിൽ മതിയായ തെളിവുകൾ ആയിരുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബ് എൻഐഎ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിരുന്നു. കൂട്ടുപ്രതിയായ താഹ ഫസലിനെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാൽ താനതിന് തയ്യാറല്ലെന്നുമാണ് അലൻ മുമ്പ് വീഡിയോ കോൺഫറൻസിലൂടെ കോടതിയോട് പറഞ്ഞത്.

കേസിൽ കഴിയുന്ന ഉസ്മാൻ എന്നയാളാണ് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് എൻഐഎ വാദിച്ചിരുന്നത്. . ഇവർ മൂന്ന് പേരും ചേർന്ന് ഒരു ആക്ഷനിലും പങ്കെടുത്തിട്ടില്ല. എന്നിട്ടും ഉസ്മാനെ കേസിലെ ഒന്നാം പ്രതിയാക്കിയിട്ടില്ല. താഹയുടെ വീട്ടിൽ നിന്നും പോസ്റ്ററുകളും ബാനറുകളും മറ്റ് രേഖകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. അലന്റെ വീട്ടിൽ നിന്നോ കയ്യിൽ നിന്നോ യാതൊരു രേഖകളും പിടിച്ചെടുത്തിട്ടില്ല. പക്ഷെ അലനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നു. താഹ രണ്ടാം പ്രതിയുമായിരുന്നു.

അലനെയും താഹയെയും അറസ്റ്റു ചെയ്തത് സിപിഎമ്മനുള്ളിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാരെ യാതൊരു കാരണവും ഇല്ലാതെ എൻഐഎക്ക് എറിഞ്ഞുകൊടുത്തു എന്ന ഗുരുതരമായ ആരോപണം ശക്തമായിരുന്നു. എന്നാൽ, പിന്നീട് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി സർക്കാർ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് സിപിഎം ചെയ്തത്.

അലന്റെ മാതൃസഹോദരിയും നടിയുമായ സജിത മഠത്തിൽ അടക്കമുള്ള നിരവധിപേർ അന്യായമായ അറസ്‌ററിനും പുറത്താക്കലിനും എതിരെ രംഗത്ത് എത്തിയിരുന്നു. പ്രതികരണ ശേഷിയുള്ള യുവാക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന രൂക്ഷമായ വിമർശനമാണ് ഇടത് സഹയാത്രിക കൂടിയായ സജിത മഠത്തിൽ ഉയർത്തിയത്. ' നമുക്ക് ആരെ വേണമെങ്കിലും തീവ്രവാദിയായിട്ട് ആരോപിക്കാം. വളരെ എളുപ്പമാണ്. ഞാൻ എന്റെ 20 വയസിൽ ഏറ്റവും അധികം ഇടപെട്ടിട്ടുണ്ടാകുക ഒരുപക്ഷെ അന്നത്തെ എക്സ്ട്രീം ലെഫ്റ്റായിട്ടുള്ള ആളുകളുമായിട്ടാണ്. അന്ന് യു.എ.പി.എ ഉണ്ടെങ്കിൽ എന്നേയും പൊലീസിന് അറസ്റ്റ് ചെയ്യാം. ഇവിടെയുള്ള പുസ്തകങ്ങളെ പോലെയുള്ള കുറെ പുസ്തകങ്ങൾ അന്ന് ഞാനും അനിയത്തിയും ഉള്ള കാലത്തുമുണ്ട്.ആ പുസ്തകങ്ങളൊക്കെ കണ്ടുകെട്ടാം. അതൊക്കെ ചെയ്യാമായിരുന്നു. പക്ഷെ ആ യാത്രകളൊക്കെ കഴിഞ്ഞിട്ട് തന്നെയാണ്, ആ യാത്രകൾ തന്നിട്ടുള്ള പെർസ്പെക്ടീവാണ് ഇന്നത്തെ സജിതയെ ഉണ്ടാക്കിയത് എന്നാണ് ഞാൻ വിചാരിക്കുന്നത്. അന്ന് ഞങ്ങൾക്ക് ചെയ്യാൻ പറ്റിയ കാര്യം ഇന്ന് ഇത്രയും കാലം കഴിഞ്ഞിട്ട് കുറെക്കൂടി റെസ്ട്രിക്ടഡാകുകയാണ് ചെയ്തത്.

അപ്പോൾ ഞങ്ങൾ ജീവിച്ചൊരു ജീവിതമുണ്ടല്ലോ അതിനെന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്ക് ഇപ്പോൾ തോന്നുകയാണ്. അതുകൊണ്ടാണല്ലോ ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ ഇങ്ങനെ വളർത്തിയത്. അങ്ങനെ റാഡിക്കലായിട്ടുള്ള മനുഷ്യർ, ജീവിതാവസ്ഥകൾ സമൂഹത്തിന് വേണ്ടേ. സത്യായിട്ടും പേടി തോന്നാണ്. കാരണം നമുക്കിങ്ങനെ അല്ലാതെ ജീവിക്കാനറിയില്ല. നമ്മളെ ഇങ്ങനെയാണ് വളർത്തിയത്. അമ്പലത്തിലൊന്നും വിട്ടിട്ടില്ല നമ്മളെ വളർത്തിയത്. പള്ളികളിൽ വിട്ടിട്ടില്ല ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ വളർത്തുന്നത്. ക്രിസ്ത്യനും മുസ്ലീമും ഹിന്ദുവുമൊക്കെയുള്ള വീടാണിത്. അവരങ്ങനെയൊന്നും ആലോചിക്കുന്നു പോലുമുണ്ടാവില്ല. അവർ അതിനെക്കുറിച്ച് ബോദർ ചെയ്യുന്നുപോലുമുണ്ടാവില്ല.'- സജിത ചൂണ്ടിക്കാട്ടുകയുണ്ടായി.