ആലപ്പുഴ: തെരഞ്ഞെടുപ്പിന് മുമ്പ് തുടർഭരണമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു മുന്നണി. ആ ആത്മവിശ്വാസം കൊണ്ടാണ് മുതിർന്ന നേതാക്കളെ മത്സരരംഗത്തു നിന്നും മാറ്റി പകരം സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയത്. എന്നാൽ, ഈ നീക്കം അനായാസം വിജയിക്കേണ്ട് സീറ്റുകളിൽ പോലും കടുത്ത മത്സരമാണ് ഉണ്ടാക്കിവെച്ചത്. അമ്പലപ്പുഴയും ആലപ്പുഴയിലും അടക്കം സിപിഎം പരാജയ ഭീതിയിലാണ്. വോട്ടു പെട്ടിയിലായ ശേഷം ഇവിടങ്ങളിൽ നിന്നും ഉയരുന്നത് പലവിധത്തിലുള്ള ആരോപണങ്ങളാണ്. ഇതോടെ ഇടതു വിപ്ലവമണ്ണിൽ വിജയം പ്രതീക്ഷിച്ചിരിക്കയാണ് യുഡിഎഫ്.

ജില്ലയിലെ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിനു വേണ്ടി ചില നേതാക്കൾ പ്രവർത്തിച്ചുവെന്ന ആരോപണമാണ് സിപിഎമ്മിൽ ഉയരുന്നത്. കായംകുളത്ത് എ.എം.ആരിഫ് എംപി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടത്തിയ പരാമർശങ്ങൾ എൽഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം ആരോപിച്ചു. ദിവസങ്ങൾക്കു മുൻപു നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പിന്റെ തലേദിവസം ഉയർത്തിക്കൊണ്ടുവന്നതിൽ ചിലർ ബോധപൂർവം ഇടപെട്ടുവെന്ന് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആരോപണമുയർന്നു.

ചേർത്തലയിലും മാവേലിക്കരയിലും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എൻഡിഎ സ്ഥാനാർത്ഥികളായതു തടയാൻ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ജില്ലയിൽ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയത് സിപിഎം നേതാക്കളുടെ എൻഡിഎ പ്രവേശനമാണ്. ചേർത്തലയിൽ അടക്കം പാർട്ടിക്ക് വേരുകളുള്ളിടത്തെ സ്ഥാനാർത്ഥി നിർണായത്തിൽ അപാകത കാണുന്നവരുമുണ്ട്.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും എ.എം.ആരിഫ് എംപിയുടെ ചിത്രമുൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പ്രചാരണത്തിനുപയോഗിച്ചെങ്കിലും അമ്പലപ്പുഴയിൽ മാത്രം അവസാന ദിവസം ഇതു വിവാദമായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. എന്നാൽ, ഓരോ മണ്ഡലത്തിലും ജനപ്രതിനിധിയെന്ന നിലയിൽ എംപിയുടെ ചിത്രം ഉൾപ്പെടുന്ന പോസ്റ്ററുകൾ പ്രചാരണത്തിനു ഉപയോഗിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുനൂറിലധികം ബൂത്തുകളുള്ള മണ്ഡലങ്ങളിൽ 5000 പോസ്റ്റർ മാത്രമാണു പ്രചാരണത്തിന് തയാറാക്കി നൽകിയതെന്ന് ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിക്കേണ്ട ഒരു സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടു നിന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി ലഭിച്ചിട്ടുണ്ട്. 'കായംകുളത്തെ പാർട്ടിക്കാർ കാലുവാരികളാണെ'ന്ന് തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ച മുൻപ് സംസ്ഥാന നേതാവ് പ്രസ്താവന നടത്തിയത് ബോധപൂർവമാണെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം തുടർ നടപടി സ്വീകരിക്കുമെന്നാണു സൂചന.

അതേസമയം തിരഞ്ഞെടുപ്പിനെ തുടർന്ന് ചേർത്തലയിൽ സിപിഐയിലുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ട്. പ്രശ്‌നം കൂടുതൽ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിക്കാത്തവരെ രഹസ്യമായി നിരീക്ഷിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ ചേർത്തലയിൽ മന്ത്രി പി.തിലോത്തമന്റെ അഡീഷനൽ പഴ്‌സനൽ സെക്രട്ടറി പി.പ്രദ്യോതിനെ സിപിഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ആലപ്പുഴയിൽ തോമസ് ഐസക്കിനെയും അമ്പലപ്പുഴയിൽ ജി സുധാകരനെയും മത്സരിപ്പിക്കാതെ പാർട്ടി മാറ്റി നിർത്തിയത് പാർട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാന പ്രകാരമാണ്. ജില്ലാ നേതൃത്വം ഇരുവരും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചത്. ഇരുവരും മത്സരിക്കാതെ മാറി നിന്നതോടെ ഈ മണ്ഡലങ്ങളിൽ മത്സരം കടുപ്പമാകുകയും ഇവരുടെ അനുയായികൾക്ക് ആവേശം ചോരുകയും ചെയ്തിരുന്നു.