ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ള അഞ്ചു പേരെ കൂടി കസ്റ്റഡിയിൽ എടുത്തുവെന്ന് എഡിജിപി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ പ്രധാന പ്രതികൾ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടില്ല. പദ്ധതി ആസൂത്രണം ചെയ്തവരുടെ പേരുകൾ അന്വേഷണത്തിൽ വരുന്നുണ്ടെന്നും അന്വേഷണം ആരിലേക്കും പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

'കേസിലെ മുഖ്യപ്രതികളാണെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പദ്ധതി ആസൂത്രണം ചെയ്തയാളാണ് പ്രധാനപ്പെട്ടത്. അവരും അന്വേഷണ പരിധിയിലാണ്. അന്വേഷണം ആരിലേക്കും പോകാം.'- സംസ്ഥാന നേതാക്കിലേക്ക് അന്വേഷണം നീങ്ങുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിജയ് സാഖറെ.

എല്ലാ പ്രതികളെയും പിടികൂടാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി. അക്രമികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുമെന്നും, പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം രഞ്ജിത്ത് വധക്കേസിൽ നിർണായക തെളിവുകൾ കയ്യിലുണ്ടെന്നും എഡിജിപി വിജയ് സാഖറെ ഇരു കൊലപാതങ്ങളിലും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള പരിശോധന തുടരുകയാണെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത്ത് വധക്കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഇപ്പോൾ ഏത് സംസ്ഥാനത്തിലാണെന്ന് പറയാനാകില്ലെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണസംഘം പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നാണ് എഡിജിപി അവകാശപ്പെടുന്നത്. പ്രതികൾക്ക് സംസ്ഥാനത്തിനു പുറത്തു നിന്ന് സഹായങ്ങൾ ലഭിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷാൻ വധക്കേസിൽ നേരിട്ടു പങ്കുള്ള അഞ്ചു പേർ ഉൾപ്പെടെ എട്ട് പേരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ അറസ്റ്റിലുമായി. ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ടു കൊലപാതകങ്ങളിൽ ആദ്യമായാണ് നേരിട്ടു പങ്കുള്ളവർ പിടിയിലാകുന്നത്.

ഷാന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള എല്ലാവരും പിടിയിലായെന്നാണു വിവരം. കൊലയാളികളെ ഒളിവിൽ പോകാൻ സഹായിച്ച ചേർത്തല തെക്ക് പഞ്ചായത്ത് 13ാം വാർഡ് തിരുവിഴ ക്ഷേത്രത്തിനു വടക്ക് മഠത്തിൽച്ചിറ മനീഷ് (33), അർത്തുങ്കൽ ഷൈനി സോമില്ലിനു സമീപം തട്ടാച്ചിറയിൽ സനൽകുമാർ (39) എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്.

വീട്ടിലേക്ക് പോകുന്നതിനിടയിൽ അക്രമിസംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കു പിന്നാലെ ആലപ്പുഴയിലെ ബിജെപി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

രഞ്ജിത്ത് വധക്കേസിൽ അന്വേഷണം കർണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് പൊലീസ്. തമിഴ്‌നാട്ടിലേക്ക് പ്രതികൾ കടന്നിരിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇപ്പോൾ കർണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് പോപുലർ ഫ്രണ്ടിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

ആലപ്പുഴയെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളിൽ ഷാൻ വധക്കേസിൽ മാത്രമാണ് പൊലീസിന് അൽപമെങ്കിലും മുന്നോട്ട് പോകാനായത്. എന്നാൽ രഞ്ജിത്ത് വധക്കേസിൽ പ്രതികൾ ഡിജിറ്റൽ തെളിവ് അവശേഷിപ്പിക്കാത്തത് തിരിച്ചടിയായി. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളാണ് അക്രമി സംഘത്തിലുള്ളത്. ഇവരാരും പിടിയിലായിട്ടില്ല. എന്നാൽ ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ പിടിയിലായിരുന്നു. ജിഷ്ണു, വിഷ്ണു, അഭിമന്യു, അതുൽ, സാനന്ദ് എന്നിവരാണ് പിടിയിലായത്.

നേതാക്കൾ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോൾ പൊലീസിന് രഞ്ജിത്ത് വധക്കേസിൽ ഒട്ടും മുന്നോട്ട് പോകാനാകാത്തത് തിരിച്ചടിയാണ്. പ്രതികൾക്ക് സഹായം ചെയ്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഗൂഢാലോചനയിൽ എത്രത്തോളം പങ്കുണ്ടെന്നത് ഇപ്പോഴും വ്യക്തമല്ല.

ഷാൻ വധക്കേസിൽ ഇന്നലെ മാത്രം എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഷാൻ വധക്കേസിൽ ഇതുവരെ കസ്റ്റഡിയിലും അറസ്റ്റിലുമായത് 11 പേരാണ്. ഈ കേസിൽ ഗൂഢാലോചനയാണ് തെളിയിക്കപ്പെടേണ്ടത്. രണ്ടര മാസത്തോളം സമയമെടുത്ത് ഗൂഢാലോചന നടത്തിയാണ് എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആർഎസ്എസിന്റെ ഉന്നത തലത്തിലുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംശയം. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ പിടിക്കാനാകാത്തത് വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് കാരണമാകുന്നത്.