കോട്ടയം: നിഥിനയുടെ നിശ്ചലമായ ശരീരത്തിലേക്ക് നോക്കി പതംപറഞ്ഞ് കരയുന്ന അമ്മ ബിന്ദുവിനെ അനുകമ്പയോടെയും വേദനയോടെയുമാണ് എല്ലാവരും നോക്കിയത്. തൊട്ടരികെ കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മണിക്കൂറുകളോളം ആ മാതാവിന്റെ കൈകൾ ചേർത്ത് പിടിച്ച് നിൽക്കുന്നതും കാണാമായിരുന്നു. ഒടുവിൽ മൃതദേഹം ചിതയിലേക്കെടുക്കുമ്പോൾ ബിന്ദുവിനെ താങ്ങിപിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടു പോകുന്നതുവരെ അവർ ആ കൈയിലെ പിടുത്തം വിട്ടിരുന്നില്ല. ആരാണ് അവർ എന്ന് എല്ലാവരും മനസ്സിൽ ചോദിച്ചെങ്കിലും നേരിട്ട് ചോദിച്ചില്ല. മറുനാടൻ അവർ ആരാണ് എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അമ്പരന്നു പോകുന്ന ഉത്തരമായിരുന്നു. അവർ കോട്ടയം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറാണ്. പേര് സുവാൻ സഖറിയ.

ഒരു ഡോക്ടർ മണിക്കൂറുകളോളം ഇങ്ങനെ നിൽക്കണമെങ്കിൽ അതിന് ഒരു കാരണം വേണമല്ലോ. അന്വേഷിച്ചപ്പോൾ അതിനും ഉത്തരം കിട്ടി. കരൾ രോഗ ബാധിതയായ ബിന്ദുവിനെ വർഷങ്ങളോളം ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ഡോക്ടറാണ് അവർ. നിഥിനയുമായി വളരെ അടുപ്പത്തിലായിരുന്നു. അമ്മയല്ലാതെ മറ്റാരും ആശ്രയമില്ലാത്ത നിഥിന പഠനച്ചെലവിനായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന വിവരം അറിഞ്ഞതോടെയാണ് ഡോ.സുവാൻ സഖറിയക്ക് നിഥിനയും അമ്മ ബിന്ദുവും പ്രിയപ്പെട്ടവരായത്. എപ്പോഴും ഇവർ ഫോണിൽ ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ബിന്ദുവിന് അസുഖം മൂർച്ഛിക്കുമ്പോൾ അത്യാവശ്യം നൽകേണ്ട മരുന്ന് ഫോണിൽ കൂടി പറഞ്ഞ് കൊടുക്കുകയും ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. നിഥിനയുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു.

അവസാനമായി അവളെ കാണാനെത്തിയപ്പോൾ ബിന്ദു പൊട്ടിക്കരഞ്ഞ നിമിഷം ഡോ.സുവാൻ സഖറിയ കൈകൾ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. മോളെ നിന്റെ മാഡം വന്നു. കണ്ണു തുറന്ന് നോക്കെടീ എന്നു പറഞ്ഞ് ബിന്ദു മകളെ നോക്കി പറയുന്നുണ്ടായിരുന്നു. 12.30 നാണ് ഡോക്ടർ അവിടെയെത്തിയത്. അപ്പോൾ മുതൽ മൃതദേഹം സംസ്‌ക്കരിക്കാനായി എടുത്ത 2.30 മണിവരെ ബിന്ദുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഒരേ നിൽപ്പായിരുന്നു.

ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു സമീപനം ഉണ്ടായത് ഏറെ ഞെട്ടലുളവാക്കി. ജീവന് ലക്ഷങ്ങൾ വിലപറയുകയും പണം നോക്കി ചികിത്സ നടത്തുകയും ചെയ്യുന്ന ഡോക്ടർമാർക്കിടയിൽ സുവാൻ സഖറിയയെപോലുള്ള ഡോക്ടർമാർ ഏറെ പ്രതീക്ഷ നൽകുന്നു. ഇവരാണ് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഡോക്ടർ.

സഹപാഠിയുടെ പ്രണയപ്പകയിൽ കൊല ചെയ്യപ്പെട്ട നിഥിന(22)യുടെ മൃതദേഹം ബന്ധുവീടായ തുറുവേലിക്കുന്ന് കുന്നേപ്പടി വീട്ടിലെത്തിച്ചപ്പോൾ മാതാവ് ബിന്ദു അലമുറയിട്ട് പൊട്ടിക്കരയുകയായിരുന്നു. മൃതദേഹത്തിനരികെ കസേരയിട്ട് ഇരുത്തിയെങ്കിലും ഹൃദ്രോഗിയായ ആ അമ്മ തളർന്ന് മകളുടെ നിശ്ചലമായ ശരീരത്തിലേക്ക് തലകുമ്പിട്ട് വീഴുന്നുണ്ടായിരുന്നു. ബന്ധുക്കൾ അടുത്തിരുന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും സങ്കടം അണപൊട്ടി ഒഴുകുകയായിരുന്നു.

ശനിയാഴ്ച രാവിലെ 11.45 ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. അവിടെ നിന്നും തലയോലപ്പറമ്പ് കുറുന്തറയിലെ വീട്ടിലേക്ക് കൊണ്ടു വന്നു. അരമണിക്കൂർ പൊതു ദർശനം വച്ചതിന് ശേഷം അവിടെ നിന്നും വടയാർ തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ഡിവൈഎഫ്ഐയുടെ നേത്ൃത്വത്തിൽ മദ്രാവാക്യം വിളികളോടെയാണ് മൃതദേഹം ആംബുലൻസിൽ നിന്നും ഇറക്കി വീട്ടിൽ പൊതു ദർശനത്തിന് വച്ചത്. ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി ഇവിടേക്ക് ഒഴുകിയെത്തിയത്.