കൊച്ചി: സ്വർണ്ണക്കടത്തു കേസു പുറത്തുവന്നത് മുതൽ പലവിധത്തിലുള്ള അട്ടിമറികൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പൊലീസിനെ ഉപയോഗിച്ചുള്ള അട്ടിമറി ശ്രമങ്ങളും ശക്തമായി നടന്നു. ഇങ്ങനെ വിവാദത്തിലായിരിക്കവേ മറ്റൊരു അട്ടിമറി ശ്രമവും നടക്കുന്നുണ്ടോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. സ്വർണം - ഡോളർ കടത്തു കേസുകളുടെ അഡ്ജൂഡിക്കേഷൻ നടപടികൾക്കു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിയോഗിക്കപ്പെട്ടവർ നിയമനടപടി നേരിടുന്ന ഉദ്യോഗസ്ഥരാണെന്നാണ് ഈ ആരോപണം ശക്തമാക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ കള്ളക്കടത്തിന് ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന 11 പേരിൽ 10 പേരാണ് ഇപ്പോൾ അഡ്ജൂഡിക്കേഷൻ അടക്കമുള്ള നടപടികൾ ചെയ്യുന്നത്. ഇതു സ്വർണഡോളർ കടത്തു കേസിൽ തിരിമറി നടത്താനാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വിചാരണയ്ക്കു മുൻപു പ്രതിഭാഗത്തിനു കൂടി ബോധിപ്പിക്കാനുള്ളതു കേട്ടു രേഖപ്പെടുത്തുന്ന നടപടിയാണ് അഡ്ജൂഡിക്കേഷൻ.

കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന നടത്താതെ പുറത്തെത്തിച്ച ഒട്ടേറെ ഉൽപന്നങ്ങൾ 2021 ജനുവരിയിൽ സിബിഐ ഡിആർഐ റെയ്ഡിൽ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു 11 ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തു. ഈ ഉദ്യോഗസ്ഥരിൽ ചിലരാണ് ഒരു വർഷത്തെ സസ്‌പെൻഷനു ശേഷം കൊച്ചി കസ്റ്റംസ് പ്രിവന്റീവിൽ അഡ്ജൂഡിക്കേഷൻ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരിൽ ചിലർ സ്റ്റാറ്റിസ്റ്റിക്‌സ്, ടെക്‌നിക്കൽ വിഭാഗങ്ങളിലും ജോലി ചെയ്യുന്നു. 11 പേരിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ ഒരാളൊഴികെ എല്ലാവരും കൊച്ചിയിലുണ്ട്.

അതേസമയം നിയമനടപടി നേരിടുന്ന ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിലേത് ഉൾപ്പെടെ സുപ്രധാന ചുമതലകളിൽ നിയമിക്കാനാകില്ലെന്നും അതിനാലാണു താരതമ്യേന പ്രാധാന്യം കുറഞ്ഞ ജോലികൾ ഏൽപിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു. അഡ്ജൂഡിക്കേഷൻ നടപടികൾ പ്രിവന്റീവ് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു നടക്കുന്നത്. അതിലെ കടലാസുജോലികൾ മാത്രമാണ് ഈ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇവർക്ക് അഡ്ജൂഡിക്കേഷൻ നടപടികളിൽ കൃത്രിമം കാണിക്കാനോ സ്വർണ ഡോളർ കടത്ത് കേസ് അട്ടിമറിക്കാനോ സാധിക്കില്ലെന്നും കസ്റ്റംസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.