തിരുവല്ല: ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും നേതൃത്വത്തിൽ വൻ ആൾക്കൂട്ടം സംഘടിപ്പിച്ചു. യാതൊരു കേസുമെടുക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് 150 പേർ പങ്കെടുത്തതിൽ 100 പേർക്കുമെതിരേ പൊലീസ് കേസെടുത്തിരുന്നു. തിരുവല്ലയിൽ സിപിഎം ലംഘിച്ചത് കോവിഡ് മാനദണ്ഡം മാത്രമല്ല, ഞായറാഴ്ചകളിലെ ട്രിപ്പിൾ ലോക്ഡൗൺ കൂടിയാണ്.

കുറ്റൂർ തെങ്ങേലിയിൽ ബിജെപിയും കോൺഗ്രസും വിട്ട് സിപിഎമ്മിലേക്ക് വന്ന അമ്പതോളം കുടുംബങ്ങളിൽ നിന്നായി 104 പേരെ സ്വീകരിക്കാനാണ് യോഗം ചേർന്നത്. പാർട്ടിയുടെ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള നേതാക്കൾ അടക്കം ഇരുന്നൂറു പേരോളം പ്രദേശത്ത് തടിച്ചു കൂടി. ഒരു മാസം മുൻപ് സിപിഎം അനുഭാവിയുടെ തന്നെ വീടിന്റെ മതിൽ ഇടിച്ച് പിന്നിലുള്ള ആറു വീട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചേർന്ന് വഴി വെട്ടി നൽകിയത് വിവാദമായിരുന്നു. ബിജെപി പ്രവർത്തകർക്ക് വേണ്ടിയാണ് ഇവിടെ ഭൂമി കൈയേറി വഴി വെട്ടിയത്.

കൂറ്റുർ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജു അടക്കമുള്ളവർക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തിരുന്നു. ഈ കേസിൽ രണ്ടു പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സഞ്ജു അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറല്ല. തിരുവല്ല ഡിവൈഎസ്‌പി അടക്കമുള്ളവർ പാർട്ടിക്ക് വേണ്ടി വഴി വിട്ടു പ്രവർത്തിച്ചുവെന്ന് ആരോപണം ഉയരുകയും ചെയ്തു. ബിജെപിയും കോൺഗ്രസും സമരമൊക്കെ നടത്തിയിട്ടും ആദ്യത്തെ രണ്ടു പേരല്ലാതെ മറ്റൊരാളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുക്കമല്ല.

അന്ന് വെട്ടിയ റോഡിന്റെ ഗുണഭോക്താക്കളായ ബിജെപി അനുഭാവികൾ അടക്കമാണ് ഇന്നലെ നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നത്. ഇവർക്ക് സ്വീകരണം നൽകാൻ ചേർന്ന യോഗമാണ് ട്രിപ്പിൾ ലോക്ഡൗണും കോവിഡ് മാനദണ്ഡവും ലംഘിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്ത ഗോപൻ, ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ, ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി തുടങ്ങി പ്രമുഖ നേതാക്കളും പങ്കെടുത്തു.

ചടങ്ങിന് പിന്നാലെ പാർട്ടി പ്രവർത്തകരും നേതാക്കളും വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും സംഭവം റിപ്പോർട്ട് ചെയ്തു. എന്നിട്ടും കേസ് എടുക്കാൻ തിരുവല്ല പൊലീസ് തയാറായിട്ടില്ല. വെള്ളിയാഴ്ച പത്തനംതിട്ട രാജീവ് ഭവനിൽ ഡിസിസി പ്രസിഡന്റായി പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സ്ഥാനമേൽക്കുന്ന ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു. വേദിയിലും സദസിലും ആൾക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ഓടിപ്പാഞ്ഞ് അവിടെ എത്തിയ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിർദേശിച്ചു.

പ്രവർത്തകർ അനുസരിക്കാതെ വന്നപ്പോൾ നേതാക്കൾ അടക്കം നൂറുപേർക്കെതിരേ കേസെടുത്തു. ഇതിനെതിരേ കോൺഗ്രസിൽ നിന്ന് വിമർശനമുയർന്നു. സിപിഎമ്മിന്റെ പരിപാടികളിൽ ഇതേ പോലെ പങ്കെടുക്കുന്നവർക്ക് എതിരേ എന്തു കൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യം അവരും ഉന്നയിച്ചിരുന്നു. സമാന രീതിയിൽ ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ സിപിഎം യോഗം ചേരുന്നുണ്ട്. എവിടെയും കേസ് എടുക്കാറില്ല. ഇതു തങ്ങളുടെ അവകാശമാണ് എന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റം.