കോഴിക്കോട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സഹായങ്ങൾക്കായി എം എസ് എഫ് ദേശീയ കമ്മിറ്റി 'നയാ ദിശ നയാ രാഷ്ട്ര' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഫണ്ട് പിരിവിനെക്കുറിച്ചും ആക്ഷേപം ശക്തമാകുന്നു. പിരിച്ചെടുത്ത പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണമാണ് ശക്തമാകുന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ കഠ്വ സാമ്പത്തിക തട്ടിപ്പിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയും ഫണ്ട് മുക്കിയതായി വെളിപ്പെടുന്നത്. പള്ളികളിലും പ്രാദേശിക തലങ്ങളിലുമാണ് പിരിവ് നടന്നത്.

500 രൂപ വീതം ഒരു കുട്ടിക്ക് ഒരു സ്‌കൂൾ കിറ്റ് എന്ന നിലയിൽ 2018-19 കാലഘട്ടത്തിലാണ് പിരിവ് നടന്നത്. ടി പി അഷ്‌റഫലിയായിരുന്നു അന്ന് ദേശീയ പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി പിരിച്ച പണം ദേശീയ കമ്മിറ്റിയുടെ ചെന്നൈയിലുള്ള ഐ ഒ ബി അക്കൗണ്ടിൽ നിക്ഷേപിക്കാതെ നിലമ്പൂരിലെ ആക്‌സിസ് ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ ദേശീയ സമിതി അംഗം യൂസുഫ് പടനിലം വ്യക്തമാക്കി. അനുവദനീയമായതിലും അധികം തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിനെത്തുടർന്ന് അഷ്‌റഫലിക്കെതിരെ ഇൻകംടാക്‌സ് നിയമ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

38 ലക്ഷം രൂപ ഈ ഇനത്തിൽ ഇൻകം ടാക്‌സ് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യ, തായ്‌ലന്റ് എന്നിവടങ്ങളിലേക്കുള്ള ആഡംബര യാത്രകൾക്കും താമസത്തിനും ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വിമാനത്തിൽ വിദേശ യാത്രകളും നടത്തിയിട്ടുണ്ട്. ഈ പണം മറ്റ് പല അക്കൗണ്ടുകളിലേക്കും വക മാറ്റിയതായും പുറത്തുവന്ന ബാങ്ക് അക്കൗണ്ട് രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്നും യൂസുഫ് പടനിലം ആരോപിച്ചു. ഈ തട്ടിപ്പിന്റെ വിവരം എം എസ് എഫ് ദേശീയ-സംസ്ഥാന കമ്മിറ്റികളിൽ നേരത്തെ ചർച്ചയായിരുന്നു. ബാങ്ക് രേഖകളടക്കം തെളിവുകൾ നിരത്ത് ലീഗ് നേതൃത്വത്തിന് ഒരു വിഭാഗം എം എസ് എഫ് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

നേരത്തെ കഠ്വ, ഉന്നാവോ വിഷയങ്ങളിൽ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിൽ സ്വരൂപിച്ച കത്വ, ഉന്നാവോ സഹായഫണ്ടിൽ നിന്നും യൂത്ത് ലീഗ് ദേശീയ നേതൃത്വം പണം തട്ടിയ വിവരം യൂസുഫ് പടനിലം പുറത്തുകൊണ്ടുവന്നിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമപരിരക്ഷ ഉറപ്പുവരുത്താനുമെന്ന പേരിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വൻ തുകയായിരുന്നു യൂത്ത് ലീഗ് പിരിച്ചെടുത്തത്. ഇത്തരത്തിൽ പിരിച്ചെടുത്ത ഒരു കോടിയോളം രൂപ ഇരകളുടെ കുടുംബത്തിന് കൈമാറാതെ യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസും സി കെ സുബൈറും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലരും സ്വകാര്യ ആവശ്യങ്ങൾക്കുൾപ്പെടെ വിനിയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കേണ്ട മുസ്ലിം ലീഗ് നേതൃത്വം മാസങ്ങളായി തുടരുന്ന മൗനം ഏറെഞെട്ടിപ്പിക്കുന്നതാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കുറ്റകരമായ അനാസ്ഥയാണ് ഇതെന്നും യൂസുഫ് പറയുന്നു.

യൂസുഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായ മുഈനലി തങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി നേതൃത്വം തങ്ങളുടെ വരുതിയിലാക്കുകയും യൂസുഫ് പടനിലത്തെ വിമത നേതാവായി ചിത്രീകരിക്കുകയുമായിരുന്നു. യൂസുഫ് പടനിലത്തിന്റെ പരാതിയിൽ കുന്നമംഗലം പൊലീസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചയായതിനെത്തുടർന്ന് സി കെ സുബൈർ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു. നടപടികൾ ഇതിൽ ഒതുങ്ങി നിൽക്കുന്ന സ്ഥിതിയാണുള്ളത്. തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്ന് യൂസുഫ് വ്യക്തമാക്കുന്നു.