തൊടുപുഴ: പ്രതിശ്രുത വരനെതിരെ പ്രതിശ്രുത വധു നൽകിയ പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മടക്കത്താനം സ്വദേ ശിനിയായ പ്രതിശ്രുതവധു ആലുവ ദേശം സ്വദേശിയും ധനലക്ഷമി ബാങ്ക് ജീവനക്കാരനുമായ പ്രതിശ്രുത വരനെതിരെയാണ് പരാതി നൽകിയത്.

വിവാഹനിശ്ചയത്തിന് ശേഷം, ഈ വർഷം മെയ് 24-ന്, പകൽ 1.30-ന് തന്റെ വീട്ടിൽ അതിക്രമിച്ചു കയറി, കവിളിൽ ഉമ്മവച്ചെന്നും ബലമായി എടുത്തു ബെഡ്റൂമിൽ കൊണ്ടുപോയി എന്നും തുടർന്ന് ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്നുമാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ക്രൂരമായ ലൈംഗിക അതിക്രമമാണ് അനന്തകൃഷ്ണനിൽ നിന്നും നേരിടേണ്ടി വന്നത്. ഇതിനെ എതിർത്ത് ചോദ്യം ചെയ്തതോടെ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, വിവാഹത്തിൽ നിന്ന് പിന്മാറും എന്നും പറഞ്ഞ് അനന്തകൃഷ്ണൻ ഭീഷണിപ്പെടുത്തി.

വിവാഹനിശ്ചയത്തിന് പിറ്റേന്നാണ് തനിക്കുനേരെ അനന്തകൃഷ്ണന്റെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത, ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. ഇരുവരും കുറച്ചു കാലമായി അടുത്ത സൗഹദത്തിലായിരുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹ നിശ്ചയം നടത്തി കൊടുക്കുകയായിരുന്നു എന്നാണ് സൂചന. ഇടക്കാലത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തന്നോട് അനന്തകൃഷ്ണൻ 50000 രൂപ വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനകം ജോലി ലഭിക്കാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടെന്നും ഇത് ഇനിയും നൽകിയിട്ടില്ലെന്നും യുവതി പറയുന്നു.

തിങ്കളാഴ്ച രാത്രിയോടെ വീട്ടിൽ നിന്നാണ് വാഴക്കുളം പൊലീസ് അനന്ത കൃഷ്ണനെ കസ്റ്റഡിയിൽ എടുത്തത്. മുവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡിൽ അയച്ചു.

കഴിഞ്ഞ മെയ് 23നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിറ്റേന്ന് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ എത്തി തന്നെ കയറിപ്പിടിച്ച് മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി തൊടുപുഴ പൊലീസ് വനിതാ ഹെൽപ് ലൈൻ സബ് ഇൻസ്‌പെക്ടർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പ്രതിരോധിച്ചത് മൂലം ഇയാൾ പീഡനശ്രമത്തിൽ നിന്ന് പിൻവാങ്ങിയതായി പറയുന്നു.

സംഭവം നടന്നത് വാഴക്കുളം സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ശാരീരിക പീഡനത്തിനുള്ള ശ്രമം നടന്നതിന് ശേഷം പെൺകുട്ടിക്ക് ജോലി വാങ്ങി നൽകാൻ എന്ന പേരിൽ കഴിഞ്ഞ ജൂലൈ 30ന് 50000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവൻ സ്വർണ്ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഇയാൾക്ക് എതിരെ കേസെടുത്തിട്ടുള്ളത്'.

വാഴക്കുളം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.അജയകുമാർ, എസ്‌ഐ. ഷാജി കെ.ജെ., എസ്‌ഐ.അജിത്കുമാർ ആർ., എസ്.സി.പി.ഒ. സിജി ജോസഫ്, സി.പി.ഒ. വർഗീസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.