ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ വിമർശനവുമായി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. അമരീന്ദർ സിങ് ഒരു ജനകീയനായ നേതാവായിരുന്നെന്നും ഗാന്ധി കുടുംബത്തേക്കാൾ പ്രശസ്തനാകുമോ എന്ന് ഭയന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരേക്കാൾ പ്രശസ്തനാകുമോ അമരീന്ദർ സിങ് എന്ന് പാർട്ടി ഹൈക്കമാന്റ് ഭയന്നിരുന്നു. ഇക്കാരണത്താലാണ് സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

എന്നാൽ കർണാടക, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരെ മാറ്റിയതുമായിബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎ മാർ ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. തുടർന്ന് അപമാനിതനായാണ് പടിയിറങ്ങുന്നത് എന്ന് പറഞ്ഞാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്.

ഹൈക്കമാൻഡിന് തന്നെ വിശ്വാസമില്ലെന്നും രണ്ട് തവണ നിയമസഭാ കക്ഷിയോഗം ചേർന്നിട്ടും തന്നെ അറിയിച്ചില്ലെന്നും അമരീന്ദർ പരാതിപ്പെടുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സുഖ്ജീന്ദർ സിങ് രൺദാവയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.